വിമര്‍ശനങ്ങളെ ശാരീരികാക്രമണങ്ങളിലൂടെ ഇല്ലാതാക്കുമെന്ന സിപിഎം ഭീഷണി അപകടകരം: എം എം താഹിര്‍

Update: 2025-07-11 10:50 GMT

തിരുവനന്തപുരം: വിമര്‍ശനങ്ങളെ ശാരീരികാക്രമണങ്ങളിലൂടെ ഇല്ലാതാക്കുമെന്ന സിപിഎം ഭീഷണി അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. വിമര്‍ശനങ്ങളുടെ പേരില്‍ മീഡിയാ വണ്‍ മാനേജിംഗ് എഡിറ്ററെ ശാരീരികമായി ആക്രമിക്കുമെന്ന് പ്രകോപന മുദ്രാവാക്യം വിളിച്ച സിപിഎം നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത്തരം ഭീഷണികള്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെയും നിര്‍ദ്ദേശത്തോടും കൂടിയാണോയെന്നു വ്യക്തമാക്കണം.

വിമര്‍ശകരെ അടിച്ചമര്‍ത്തുന്ന നരേന്ദ്രമോദിയുടെ അതേ രീതി തന്നെയാണ് കേരളത്തില്‍ പിണറായി വിജയനും സിപിഎമ്മും പിന്തുടരുന്നത്. വണ്ടൂരില്‍ ഭീകര മുദ്രാവാക്യം വിളിച്ച സിപിഎം പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റുചെയ്യണം. അധികാരത്തിന്റെ ഹുങ്കില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യമാണ്. മാധ്യമ സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും വേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്നവര്‍ ഇത്തരം കൊലവിളികള്‍ നടത്തുന്നത് അവരുടെ കപടമുഖം തുറന്നു കാട്ടുന്നതാണ്. മാധ്യമങ്ങളുടെ നിലപാടുകളോട് വിയോജിക്കാനും വാസ്തവിരുദ്ധമെങ്കില്‍ അത് തുറന്നു കാട്ടാനും ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ടെന്നിരിക്കെ മാധ്യമ പ്രവര്‍ത്തകനെ ശാരീരികമായി നേരിട്ട് ഇല്ലാതാക്കുമെന്നു പ്രഖ്യാപിക്കുന്നത് സിപിഎം പോലുള്ള സംഘടനയ്ക്ക് ഒട്ടും ഭൂഷണമല്ല. സിപിഎം നേതൃത്വത്തിന്റെ മൗനം അക്രമികള്‍ക്ക് പ്രോല്‍സാഹനമാവുകയാണ്. ഇത്തരം ഭീകരമായ കൊലവിളികള്‍ നടത്തുന്നവരെ നിലയ്ക്കു നിര്‍ത്താനും തിരുത്താനും സിപിഎം നേതൃത്വം തയ്യാറാവണമെന്നും എം എം താഹിര്‍ ആവശ്യപ്പെട്ടു.

Tags: