പേരാമ്പ്രയില്‍ നടന്ന പോലിസ് അതിക്രമത്തിനു പിന്നിലുള്ളത് സിപിഎമ്മിന്റെ തിരക്കഥ: ഷാഫി പറമ്പില്‍
കോഴിക്കോട്: പേരാമ്പ്രയില്‍ നടന്ന പോലിസ് അതിക്രമത്തിനു പിന്നിലുള്ളത് വലിയ തരത്തിലുള്ള ഗൂഢാലോചനയാണെന്ന് ഷാഫി പറമ്പില്‍ എംപി. സിപിഎമ്മിന്റെ തിരക്കഥയ്ക്കനുസരിച്ചാണ് പോലിസ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാനായിരുന്നു ഈ ശ്രമമെന്നും ഷാഫി വ്യക്തമാക്കി.
അഭിലാഷ് ഡേവിഡെന്ന പോലിസുകാരനാണ് തന്നെ ആക്രമിച്ചതെന്നും ഇയാള്‍ 2023 ജനുവരി 16ന് പിരിച്ചുവിട്ട മൂന്ന് പോലിസുകാരില്‍ ഒരാളാണെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. വഞ്ചിയൂര്‍ സിപിഎം ഓഫീസിലെ നിത്യസന്ദര്‍ശകനാണ് ഇയാള്‍. പോലിസ് സൈറ്റില്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങളില്ല. പക്ഷേ, നിലവില്‍ ഇയാള്‍ വടകര കണ്‍ട്രോള്‍ റൂം സിഐ ആണെന്നും ഷാഫി പറഞ്ഞു.
ഇതിന്റെയെല്ലാം അടിസ്ഥാന കാരണം ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളെ വാര്‍ത്തകളില്‍ നിന്നും, ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നുള്ളതാണ്. പ്രീപ്ലാന്‍ഡ് ആയിട്ടുള്ള ആക്രമണമാണ് പോലിസിന്റെ ഭാഗത്തുനിന്ന് തങ്ങള്‍ക്കെതിരേ നടന്നത് എന്ന് ഉറച്ച് വിശ്വസിക്കാന്‍ നിരവധിയായിട്ടുള്ള കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോലിസ് സംഘര്‍ഷം ഒഴിവാക്കാനല്ല ശ്രമിച്ചതെന്ന് തന്റെ കയ്യിലുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടി ഷാഫി പറഞ്ഞു. ഡിവൈഎസ്പി ഹരിപ്രസാദ് എന്തിനാണ് കയ്യില്‍ ഗ്രനേഡ് കരുതിയതെന്നും ഷാഫി ചോദിച്ചു.യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് തന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയ എല്ലാവര്‍ക്കും നന്ദി പറയുന്നതായും ഷാഫി പറമ്പില്‍ വ്യക്തമാക്കി. പേരാമ്പ്രയുടെ സമാധാനം കളയാതിരിക്കാനുള്ള ഇടപെടലാണ് തങ്ങള്‍ ആ ദിവസം നടത്തിയത് എന്നുള്ള കാര്യത്തിന് ഒരു സംശയവും വേണ്ടെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
പേരാമ്പ്ര സികെജി ഗവണ്‍മെന്റ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളാണ് മര്‍ദനത്തില്‍ കലാശിച്ചത്. യുഡിഎഫ്- സിപിഎം പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം ഉടലെടുക്കുകയും പിന്നാലെ പോലിസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റത്.
