വോട്ട് വെട്ടുന്നത് സിപിഎമ്മിന്റെ ഭീരുത്വം; വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നീക്കാന്‍ സിപിഎം ഗൂഡാലോചന നടത്തിയെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സിപിഎം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തിരുവനന്തപുരത്തെ രണ്ട് പ്രധാന സിപിഎം നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈഷ്ണയുടെ അസാന്നിധ്യത്തില്‍ സിപിഎം പ്രാദേശിക നേതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ട് വെട്ടിയത്. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ലെന്നും സതീശന്‍ പറഞ്ഞു.
നേര്‍ക്കു നേര്‍ പോരാട്ടമാണ് ജനാധിപത്യത്തിന് ഭൂഷണം. വളഞ്ഞവഴിയില്‍ വോട്ട് വെട്ടുന്നത് സിപിഎമ്മിന്റെ ഭീരുത്വമാണ്. എക്കാലത്തും സിപിഎം ഭരണത്തിലുണ്ടാകില്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സിപിഎമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും സതീശന്‍ കൂട്ടിചേര്‍ത്തു.