എസ്‌കെഎസ്എസ്എഫ് പണ്ഡിതന്മാര്‍ക്കു നേരെ സിപിഎം കൈയേറ്റം അപലപനീയം-ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Update: 2020-12-28 02:44 GMT

മലപ്പുറം: കാസര്‍ഗോഡ് ചാനടുക്കത്ത് പതാക ഉയര്‍ത്തുകയായിരുന്ന എസ് കെ എസ് എസ് എഫ് പണ്ഡിതന്മാര്‍ക്കെതിരേ കയ്യേറ്റത്തിനു മുതിരുകയും ബലം പ്രയോഗിച്ച് പതാക അഴിച്ചിറക്കിക്കുകയും ചെയ്ത സി പി എമ്മിന്റെ ഗുണ്ടായിസം അങ്ങേയറ്റം അപലപനീയമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇഷ്ടമുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ള ജനാധിപത്യ രാജ്യത്ത് സംഘപരിവാര്‍ ശൈലിയില്‍ മുസ് ലിം പണ്ഡിതന്മാരെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ സി പി എമ്മിന്റെ വര്‍ഗീയ ഔത്സുക്യമാണ് പ്രവര്‍ത്തിക്കുന്നത്.

ആദര്‍ശപരമായി വ്യത്യാസങ്ങളില്ലാത്ത ഇരുവിഭാഗം സമസ്ത ഉലമാ സംഘടനകളെ തമ്മിലടിപ്പിച്ച് മുതലെടുപ്പു നടത്തുന്ന രാഷ്ട്രീയശക്തികളെ തിരിച്ചറിയാനും ഉലമാക്കള്‍ക്കിടയില്‍ വിഭാഗീയ താല്‍പര്യങ്ങള്‍ ഇല്ലാതാക്കാനും ഉലമാ നേതാക്കള്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്.

എന്‍ ആര്‍ സി യും ഏകസിവില്‍ കോഡും നടപ്പിലാക്കാനും മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഹിന്ദുത്വ ഏകാധിപത്യ രാജ്യം പ്രഖ്യാപിക്കാനും ആര്‍ എസ് എസ് തിടുക്കം കൂട്ടുന്ന സാഹചര്യമാണ് മുമ്പിലുള്ളത്. ഈ സന്ദര്‍ഭത്തില്‍ മതപണ്ഡിതന്മാര്‍ വിഭാഗീയ ചിന്തകളില്‍ നിന്നും അകന്നു നില്‍ക്കുകയും വിശാലാര്‍ഥത്തില്‍ ഐക്യം സ്ഥാപിച്ചെടുക്കാനും ഫാഷിസ്റ്റ് വിരുദ്ധ ബഹുജനസമരനിര കെട്ടിപ്പടുക്കാനും ശ്രമിക്കേണ്ടതുണ്ട്.

അധിനിവേശ ശക്തികളുടെ ഏകാധിപത്യത്തിനും അടിച്ചമര്‍ത്തലിനുമെതിരേ ധീരമായ സമര മാതൃകകള്‍ സൃഷ്ടിക്കുകയും സ്വാതന്ത്ര്യത്തിന് സംഭാവനകളര്‍പ്പിക്കുകയും ചെയ്ത ഉലമാ മഹത്തുക്കളുടെ സമര പൈതൃകം പ്രലോഭനങ്ങള്‍ക്കു മുമ്പില്‍ പണയപ്പെടുത്താതെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ഫാഷിസ്റ്റുകാലത്തെ സാമൂഹിക പ്രവര്‍ത്തനത്തിന് പൂര്‍വ്വകാല പണ്ഡിതന്മാരുടെ അഭിമാനബോധവും ധീരതയും ആവശ്യമാണ്. കീഴടങ്ങല്‍ മനസ്ഥിതിയും അടിമത്ത ബോധവും വകഞ്ഞു മാറ്റേണ്ടതുണ്ട്. പതാക ഉയര്‍ത്താന്‍ ശ്രമിച്ച എസ് കെ എസ് എസ് എഫ് പണ്ഡിതന്മാര്‍ക്കെതിരേ കൈയ്യേറ്റത്തിനു മുതിര്‍ന്ന സിപിഎമ്മിന്റെ അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉറപ്പുവരുത്തണമെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി. അബ്ദു റഹ്മാന്‍ ബാഖവി ഭാരവാഹികളായ വി. എം. ഫത്ഹുദ്ദീന്‍ റഷാദി, കെ. കെ. അബ്ദുല്‍ മജീദ് ഖാസിമി, അര്‍ഷദ് മുഹമ്മദ് നദ് വി, ഹാഫിസ് അഫ്‌സല്‍ ഖാസിമി തുടങ്ങിയവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.




Similar News