തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരേ ഭാര്യ ഉന്നയിച്ച ആരോപണത്തില്‍ കടുത്ത നിലപാടുമായി ഇടതുമുന്നണി. മുതിര്‍ന്ന നേതാക്കളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടേക്കും. ആരോപണം അതീവ ഗുരുതരമെന്ന് സിപിഎം ആരോപിച്ചു. ഭാര്യ പരസ്യമായി ഉന്നയിച്ച പരാതിയില്‍ ന്യായീകരണത്തിനും സംരക്ഷണത്തിനും നില്‍ക്കാതെ ഗണേഷിനെ മാറ്റിനിര്‍ത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് നേതാക്കള്‍ അറിയിച്ചത്. വിശദീകരണം തേടുന്ന മുഖ്യമന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെട്ടേക്കും. ചൊവ്വാഴ്ച മന്ത്രിസഭായോഗം ചേരുന്നുണ്ട്. അതില്‍ ഗണേഷ് കുമാറിനെ മാറ്റി നിര്‍ത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരായ ഭാര്യയുടെ ഗുരുതര ആരോപണം, എല്‍ഡിഎഫ് ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരം സിപിഎം നേതാക്കളെ അറിയിച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിലും ആലോചന നടക്കും. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭയ്ക്ക് മുന്‍പ് സംസ്ഥാന സെക്രട്ടേറിയുമായി ആലോചിക്കും. പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കാനാണ് എല്‍ഡിഎഫ് നീക്കം.
ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്നാണ് ഇതേക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ഗണേഷ്‌കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും. ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഭാര്യയെ ബലമായി പിടിച്ചുനിര്‍ത്തുകയും ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തില്‍ ഇതുവരെ പോലിസ് കേസെടുത്തിട്ടില്ല.
ഗണേഷ് കുമാറിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍ കൊടുത്ത പരാതിയിലും തുടര്‍നടപടി ആയിട്ടില്ല. കേസുവന്നാല്‍, ഗണേഷ് നിര്‍ബന്ധമായും രാജിവെക്കേണ്ടിവരും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ പരാതിക്കാരി ആരാണെന്ന് അറിയുന്നതിനുമുന്‍പും പരാതി ലഭിക്കുന്നതിനുമുന്‍പും പ്രത്യേക അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. രാഹുലിനെ പുറത്താക്കിയാണ് കോണ്‍ഗ്രസ് നടപടുയെടുത്തത്.
രക്ഷിക്കണമെന്ന അപേക്ഷയുമായി അടിയന്തരസഹായ നമ്പറില്‍ മന്ത്രിയുടെ ഭാര്യ വിളിച്ചതിനെത്തുടര്‍ന്നെത്തിയ പോലിസ് സംഘം ഒന്നും ചോദിക്കാതെ മടങ്ങിപ്പോയി. ഇതു രണ്ടും മന്ത്രിപദം ദുരുപയോഗം ചെയ്തതായും വീടിനുള്ളില്‍ ഒരു സ്ത്രീ അതിക്രമത്തിനിരയായി എന്നതുമായുള്ള വാദം ബലപ്പെടുത്തും.

