ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിന്ന് വി എസിന്റെ ചിത്രം മാറ്റിയതില്‍ പ്രതിഷേധവുമായി സിപിഎം

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് സംഭവം

Update: 2025-12-28 11:31 GMT

തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളില്‍ സ്ഥാപിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ചിത്രവും പേരും മാറ്റി. ബ്ലോക്ക് പ്രസിഡന്റായി കോണ്‍ഗ്രസ് പ്രതിനിധി എസ് ഉഷ കുമാരി സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടുപിന്നാലെയാണ് കോണ്‍ഫറന്‍സ് ഹാളിലെ വി എസ് അച്യുതാനന്ദന്റെ ചിത്രവും പേരും മാറ്റിയത്. എല്‍ഡിഎഫ് ഭരണകാലത്ത് നിര്‍മ്മിച്ച ഹാളില്‍ പതിപ്പിച്ചിരുന്ന വി എസിന്റെ ചിത്രം യുഡിഎഫ് അധികാരമേറ്റതിനു പിന്നാലെ എടുത്തുമാറ്റിയെന്നാണ് ആരോപണം.

നേരത്തെ എല്‍ഡിഎഫ് ഭരണത്തിലിരുന്ന സമയത്ത് ബ്ലോക്ക് പഞ്ചായത്തില്‍ പുതുതായി നിര്‍മ്മിച്ച ഹാളത്തിന് 'വി എസ് മെമ്മോറിയല്‍ ഹാള്‍' എന്നാണ് നാമകരണം ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുകയും എല്‍ഡിഎഫ് കേവലം മൂന്ന് സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഹാളില്‍ നിന്നും ചിത്രം മാറ്റിയത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വി എസ് അച്യുതാനന്ദന്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തത്.

നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം രംഗത്തെത്തി. ഉഷ കുമാരി സ്ഥാനം രാജിവച്ച് പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രം മാറ്റിയതിനെക്കുറിച്ച് അറിയില്ലെന്നും വിഷയം പരിശോധിക്കുമെന്നുമാണ് ഉഷ കുമാരി പ്രതികരിച്ചത്. സത്യപ്രതിജ്ഞാ സമയത്ത് അവിടെ വി എസിന്റെ ചിത്രം ഉണ്ടായിരുന്നുവെന്നും, അത് എങ്ങനെ അപ്രത്യക്ഷമായി എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പ്രസിഡന്റ് ഉഷ കുമാരി പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചിത്രം എടുത്തുമാറ്റിയതെന്നാണ് എല്‍ഡിഎഫ് ആരോപണം.

Tags: