ഭീകരപ്രവര്‍ത്തനം നടത്തുന്നത് സിപിഎം; ഹിറ്റ്‌ലറെയും മോദിയെയും പോലെ പിണറായി ഏകാധിപതി ചമയുന്നുവെന്ന് പ്രതിപക്ഷനേതാവ്

Update: 2022-06-14 16:31 GMT

കൊച്ചി: വിമാനത്തിനുള്ളില്‍ 'പ്രതിഷേധം, പ്രതിഷേധം' എന്ന മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതിനെ അപലപിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ഹിറ്റ്‌ലറെക്കാളും മോദിയെക്കാളും യോഗി ആദിത്യനാഥിനേക്കാളും വലിയ ഏകാധിപതി ചമയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സതീശന്‍ സര്‍ക്കാരിനും പിണറായിക്കും എതിരേ ആഞ്ഞടിച്ചത്. 

''മുദ്രാവാക്യം വിളിച്ചതിന് എന്ത് അടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തത്? തള്ളിത്താഴെയിട്ട് ചവിട്ടിക്കൂട്ടിയ ജയരാജനെതിരെ പൊലിസ് ഒരു കേസും എടുത്തിട്ടില്ല. പ്രതിഷേധക്കാര്‍ മദ്യപിച്ച് ലക്കുകെട്ടാണ് പെരുമാറിയതെന്നാണ് ജയരാജന്‍ പറഞ്ഞത്. ഇത് പച്ചക്കള്ളമാണ്. മദ്യപിച്ച പോലെ പെരുമാറിയത് ജയരാജനാണ്. ജയരാജന് എതിരെയാണ് കേസെടുക്കേണ്ടത്. ഇതിനെ ഭീകര പ്രവര്‍ത്തനമായി സി.പി.എം ചിത്രീകരിക്കുകയാണ്. ഇന്നലെ കെ.പി.സി.സി ഓഫിസും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് ഓഫിസുകളും തകര്‍ത്ത സി.പി.എമ്മാണ് ഭീകരപ്രവര്‍ത്തനം നടത്തിയത്. പയ്യന്നൂരില്‍ ഗാന്ധിപ്രതിമയുടെ തല അറുത്ത് മാറ്റി. സാധാരണ ഗാന്ധിജിയുടെ തലവെട്ടിമാറ്റുന്നത് സംഘപരിവാറുകാരാണ്. സംഘപരിവാറുകാരുടെ പണി സി.പി.എം ഏറ്റെടുത്തിരിക്കുകയാണ്. മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എ.കെ ആന്റണി ഓഫിസിനുള്ളില്‍ ഇരിക്കുമ്പോഴാണ് കെ.പി.സി.സി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത്. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഇടുക്കി ഡി.സി.സി അധ്യക്ഷനെ ആക്രമിച്ചു. കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബെറിഞ്ഞു. ബോംബ് കൈവശം വയ്ക്കുന്നതും പാര്‍ട്ടി ഓഫിസുകള്‍ കത്തിക്കുന്നതും നേതാക്കളെ ആക്രമിക്കുന്നതുമല്ലേ ഭീകരപ്രവര്‍ത്തനം?'' സി.പി.എമ്മാണ് കേരളത്തില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിന്റെ ബാക്കി ഭാഗം:

''പാര്‍ട്ടി ഗ്രാമത്തില്‍ ആടിനെ മരത്തില്‍ കെട്ടിയിട്ട് മഴു കൊണ്ട് കഴുത്തും ഉടലും ഒറ്റവെട്ടിന് വെട്ടിമാറ്റാന്‍ കൊലയാളികള്‍ക്ക് പരിശീലനം നല്‍കുന്ന പാര്‍ട്ടിയാണ് സി.പി.എം. കൊല്ലാനുള്ള ആളെയും വാടക കൊലയാളികളെയും നിശ്ചയിച്ച് ആയുധം നല്‍കി ആസൂത്രിതമായി കൊലപാതകം നടത്തുന്നത് സി.പി.എമ്മാണ്. പത്തൊന്‍പതും ഇരുപതും വയസുള്ള കുട്ടികളുടെ നെറുകയില്‍ മഴുകൊണ്ട് വെട്ടി, കൈകാലുകള്‍ വെട്ടിമാറ്റി ഭീകര സംഘടനകളെ പോലും തോല്‍പ്പിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ആകാശത്തെയും ഭൂമിയിലെയും പ്രതിഷേധങ്ങള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. എ.കെ ആന്റണി മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.വി തോമസ് ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ തലയില്‍ കരി ഓയില്‍ ഒഴിച്ചത് സി.പി.എമ്മുകാരാണ്. അങ്ങനെയുള്ളവരാണ് വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചത് ഭീകരപ്രവര്‍ത്തനമാണെന്ന് പറയുന്നത്. ഈ കുട്ടികളുടെ ബാഗില്‍ വെടിയുണ്ടയൊന്നും ഉണ്ടായിരുന്നില്ല. വിമാനത്തില്‍ വെടിയുണ്ട കൊണ്ടു പോയത് ആരാണെന്ന് ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. രണ്ട് കൊല്ലം മുന്‍പ് അര്‍ണോബ് ഗോസാമിയെ വിമാനയാത്രയ്ക്കിടെ കുനാല്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇതേത്തുടര്‍ന്ന് കുനാലിന് മൂന്ന് വിമാനങ്ങളില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ആ നിരോധനം ഭരണഘടനാ വിരുദ്ധമാണെന്നാണ് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തത്. അതേ പാര്‍ട്ടിയുടെ നേതാക്കളാണ് പ്രതിഷേധം എന്ന് പറഞ്ഞതിന്റെ പേരില്‍ ചെറുപ്പക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. സി.പി.എമ്മാണ് വ്യാപകമായി അക്രമം തുടങ്ങിയത്. വിഷയം മാറ്റാനാണ് സി.പി.എം ശ്രമം. യു.ഡി.എഫ് സമരവുമായി മുന്നോട്ട് പോകും''.

''അഞ്ച് ദിവസം കറുപ്പിനോട് അലര്‍ജിയായിരുന്നു. അവസാന ദിവസത്തെ പരിപാടിയിലാണ് മുഖ്യമന്ത്രി കറുപ്പിനെ സ്‌നേഹിച്ച് തുടങ്ങിയത്. ഇപ്പോള്‍ കറുത്ത മാസ്‌ക് മാറ്റാന്‍ ശ്രമിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയാണ്. സ്വപ്‌ന സുരേഷുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടനിലക്കാരനെ നിയോഗിച്ചത് പുറത്തായപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയും നടപടിയെടുത്തു. മുകളില്‍ നിന്ന് ആര് നിയമവിരുദ്ധമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചാലും അതിന് മുതിരുന്ന പൊലിസുകാര്‍ ഒടുവില്‍ ഒറ്റപ്പെടും. വിജിലന്‍സ് ഡയറക്ടര്‍ അജിത് കുമാറിനും മാസ്‌ക് മാറ്റാന്‍ പോയ പൊലിസുകാര്‍ക്കും സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. വഴിയരികില്‍ നിന്നും കരിങ്കൊടി കാണിച്ചാല്‍ അത് എങ്ങനെ അക്രമമാകും. മുഖ്യമന്ത്രിയുടെ കൂടെ പോകുന്നവര്‍ ഡോര്‍ തുറന്ന് വഴിയിലുള്ളവരെ കൊല്ലാന്‍ ശ്രമിക്കുകയാണ്. ഇതൊന്നും കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. അവര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുക്കേണ്ടത്. ഇതിനെതിരെ യു.ഡി.എഫ് നിയമനടപടിയെടുക്കും. മുഖ്യമന്ത്രി മഹാരാജാവാണോ? രാജാക്കന്‍മാരുടെ കാലത്ത് പോലും പ്രജകള്‍ക്ക് ഇത്രയും ബുദ്ധിമൂട്ട് ഉണ്ടായിട്ടില്ല. പ്രതിഷേധം എന്ന വാക്ക് പറഞ്ഞതിന് വധശ്രമത്തിന് കേസെടുക്കുന്ന ധിക്കാരം കാട്ടുകയാണ്. ഇതൊന്നും കേരളത്തില്‍ വിലപ്പോകില്ല. അങ്ങനെയൊന്നും ഭയപ്പെടുത്താന്‍ നോക്കേണ്ട.'' 

''പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും ഞങ്ങളുടെ കൈക്കരുത്ത് അറിയുമെന്ന് ഒരു എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതുപോലുള്ള ക്രിമിനലുകളാണ് സി.പി.എം നേതൃത്വത്തില്‍ ഇരിക്കുന്നത്. ആ വെല്ലുവിളി ഞങ്ങള്‍ സ്വീകരിക്കുന്നു. പേടിച്ച് പൊലീസിന് ഉള്ളിലേക്ക് പോകുന്നത് മുഖ്യമന്ത്രിയാണ്. ഞങ്ങളൊന്നും അങ്ങനെ ഭയപ്പെടില്ല. കരിങ്കൊടി കാണിക്കുന്നത് പ്രതിഷേധം മാത്രമാണെന്ന് പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. പത്രക്കാരുടെ കറുത്ത മാസ്‌ക് പോലും അഴിച്ചുമാറ്റി. ഒരു മണിക്കൂര്‍ മുന്‍പ് എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കയറ്റില്ലെന്നു വരെ പറഞ്ഞു. ഇതാണ് പിണറായി വിജയന്റെ നവകേരളം. ആരും മിണ്ടാനും അനങ്ങാനും കറുത്ത വസ്ത്രം ധരിക്കാനും പാടില്ല''. 

''ഞങ്ങളുടെ പ്രവര്‍ത്തകരെയും പാര്‍ട്ടി ഓഫീസുകളെയും ആക്രമിച്ചാല്‍ പ്രതിരോധിക്കും. എന്ത് വില കൊടുത്തും പ്രവര്‍ത്തകരെ സംരക്ഷിക്കും. മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചു അതുകൊണ്ട് പ്രതികരിക്കണം എന്ന നിര്‍ദ്ദേശമാണ് സി.പി.എം താഴേത്തട്ടിലേക്ക് കൊടുത്തിരിക്കുന്നത്. പൊലീസ് സ്‌റ്റേഷനിലും ബോംബ് ഉണ്ടാക്കുമെന്ന് പറഞ്ഞവരാണ്. കൈയ്യില്‍ സ്‌റ്റോക്കുള്ള ബോംബുകളാണ് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ എറിഞ്ഞത്. സര്‍ക്കാര്‍ ഇപ്പോള്‍ കെ റെയിലില്‍ നിന്നും ഒളിച്ചോടാനുള്ള വഴി തേടുകയാണ്. ഇപ്പോള്‍ മാത്രമല്ല നേരത്തെയും കെ റെയിലിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. അതിന് തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് നല്ല സല്യൂട്ട് കൊടുക്കണം. തുടര്‍ച്ചായി സമരം ചെയ്യാന്‍ യു.ഡി.എഫിനും അറിയാം. തിരുവനന്തപുരം വരെ കണ്ണൂര്‍ വരെയുള്ള മുഖ്യമന്ത്രിയുടെ തേരോട്ടത്തില്‍ യു.ഡി.എഫ് അദ്ദേഹത്തെ തടഞ്ഞില്ല. മുഖ്യമന്ത്രിയാണ് ജനങ്ങളെ തെരുവില്‍ മണിക്കൂറുകളോളം തടഞ്ഞത്.''