സിപിഎം രക്തസാക്ഷി ഫണ്ട് വിവാദം; വി കുഞ്ഞിക്കൃഷ്ണനെതിരേ രൂക്ഷ പ്രതികരണവുമായി സിപിഎം നേതൃത്വം
കണ്ണൂര്‍: സിപിഎം രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ ആരോപണം ഉന്നയിച്ച വി കുഞ്ഞിക്കൃഷ്ണനെതിരേ രൂക്ഷമായി പ്രതികരിച്ച് സിപിഎം നേതൃത്വം. കുഞ്ഞിക്കൃഷ്ണന്‍ ശത്രുവിന്റെ കോടാലിക്കൈയായിമാറിയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം വി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ഒരിക്കലും തെറ്റുപറ്റിയിട്ടില്ല. കുഞ്ഞിക്കൃഷ്ണന്‍ പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അയാള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വി കുഞ്ഞികൃഷ്ണനെതിരേ പാര്‍ട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. ഇന്ന് ചേരുന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലാകും തീരുമാനം.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം അടക്കം പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തില്‍ ക്രമക്കേട് നടന്നിട്ടില്ല എന്ന് വരുത്തിതീര്‍ക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. മേല്‍ കമ്മിറ്റിയുടെ അനുമതിയോടെ ആകും നടപടി പ്രഖ്യാപിക്കുക. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത.