കാസര്‍കോട്: അഡൂര്‍ ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറെ മര്‍ദിച്ചെന്ന പരാതിയില്‍ പഞ്ചായത്തംഗം എ സുരേന്ദ്രനെ ആഡൂര്‍ പോലിസ് അറസ്റ്റു ചെയ്തു. സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍. ബിഎല്‍ഒ ബെവറജസ് കോര്‍പ്പറേഷന്‍ ബന്തടുക്ക ഔട്ട്‌ലെറ്റിലെ എല്‍ഡി ക്ലാര്‍ക്ക് പി അജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്. പയറഡുക്കയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പുനപരിശോധനാ ക്യാംപിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ടു കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബിഎല്‍ഒ ഫോം നല്‍കിയത്. വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍, വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്നു പറഞ്ഞ് ക്യാംപിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിച്ചു. അത് ചോദ്യംചെയ്തപ്പോള്‍ മര്‍ദിച്ചുവെന്നാണ് പരാതി.