മലപ്പുറം തെന്നലയിലെ സ്ത്രീവിരുദ്ധ പ്രസംഗം; ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

കോപവും വികാരവും ചേര്‍ന്നപ്പോള്‍ നിയന്ത്രണം കിട്ടാതെ പോയി: സെയ്താലി മജീദ്

Update: 2025-12-15 11:57 GMT

മലപ്പുറം: തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗത്തില്‍ മാപ്പു പറഞ്ഞ് മലപ്പുറം തെന്നലയിലെ സിപിഎം നേതാവ് സെയ്ദലവി മജീദ്. തന്റെ പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്ന് സെയ്താലി മജീദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കോപവും വികാരവും ചേര്‍ന്നപ്പോള്‍ വാക്കുകള്‍ക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയതാണെന്നാണ് വിശദീകരണം. മുസ്‌ലിം ലീഗിലെ സ്ത്രീകളെ അധിക്ഷേപിച്ചാണ് മുന്‍ ലോക്കല്‍ സെക്രട്ടറി സെയ്ദലി മജീദ് വിവാദ പ്രസംഗം നടത്തിയത്. സ്ത്രീസമത്വവും ആദരവും എന്നും പിന്തുണയ്ക്കുന്ന ആളാണെന്നും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സെയ്ദലവി മജീദ് പറഞ്ഞു.

അന്യ ആണുങ്ങളുടെ മുന്നില്‍ നിസാര ഒരു വോട്ടിനു വേണ്ടി കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ കൊണ്ടുവന്ന് മുന്നില്‍ കാഴ്ച്ചവക്കുകയാണെന്നായിരുന്നു സെയ്ദലവിയുടെ പരാമര്‍ശം. തന്റെ വീട്ടിലും കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളുണ്ട്. അവരെയൊക്കെ കെട്ടി കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്. കല്യാണം കഴിക്കുമ്പോള്‍ തറവാട് നോക്കണമെന്ന് പറയുന്നത് ഇതിനൊക്കെ വേണ്ടിയാണെന്നും സെയ്ദലവി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. സെയ്താലി മജീദിന്റെ പ്രസംഗം വാര്‍ത്തയായതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഎം നേതൃത്വം തന്നെ ഇടപെട്ട് ഖേദപ്രകടനം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെയാണ് തെന്നല പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൊടക്കല്ലില്‍ നടത്തിയ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ ഇതല്ല ഇതിലും വലുത് കേള്‍ക്കേണ്ടി വരും. അതിനൊക്കെയുള്ള ഉളുപ്പ് ഉണ്ടെങ്കില്‍ ഇറങ്ങിയാല്‍ മതി. ഈ പറഞ്ഞതിനെതിരേ കേസ് വേണമെങ്കില്‍ കൊടുത്തോളൂ, നേരിടാന്‍ അറിയാം എന്നായിരുന്നു സെയ്ദലി പ്രസംഗിച്ചത്. പഞ്ചായത്ത് അംഗമായി തിരഞ്ഞെടുത്തതിന്റെ സ്വീകരണത്തിലാണ് വിവാദ പ്രസംഗം. വനിതാ ലീഗ് അംഗങ്ങള്‍ ഇയാള്‍ക്കെതിരേ പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് വനിതാ ലീഗ് അംഗങ്ങളെയും സ്ത്രീകളെയും അധിക്ഷേപിച്ച് പ്രസംഗിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം;

എന്റെ പ്രിയപ്പെട്ട ജനങ്ങളേ,

ഇന്നലെ തെന്നല പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൊടക്കല്ലില്‍ ഞാന്‍ നടത്തിയ പ്രസംഗത്തില്‍ ഞാന്‍ ഒരു പരിധി കടന്നുവെന്ന് ഞാന്‍ തന്നെ അംഗീകരിക്കുന്നു. അത് ഒഴിവാക്കാവുന്നതായിരുന്നു. അതില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ ആ പ്രതികരണം ശ്യൂനതയില്‍ നിന്നല്ല വന്നത്. അതിന് പിന്നിലെ സാഹചര്യവും പശ്ചാത്തലവും കൂടി പറയേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാധാനപരമായി നടത്തിയ ഒരു റാലിയെ, എതിര്‍പാര്‍ട്ടിയിലെ വനിതാ ലീഗ് പ്രസിഡണ്ട് 'വീട് ആക്രമിച്ചു' എന്ന രീതിയില്‍ ചിത്രീകരിച്ച് വ്യാജമായി ഒരു ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുവാന്‍ ശ്രമിച്ചു. അവിടെ യാതൊരു ആക്രമണവും നടന്നിട്ടില്ല. പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് പ്രതികരണം ഉണ്ടാക്കി, പിന്നീട് 'സ്ത്രീ പീഡനം' എന്ന പേരില്‍ കേസ് ചുമത്തുക. അത്തരമൊരു നീക്കമാണ് അവിടെ ശ്രമിച്ചതെന്ന് ഞാന്‍ കരുതുന്നു. അത് മനസ്സിലാക്കിയതിനാലാണ് ഞങ്ങളുടെ പ്രവര്‍ത്തകര്‍ എല്ലാ പ്രകോപനങ്ങളും ബുദ്ധിപൂര്‍വം ഒഴിവാക്കിയത്.

എന്നിട്ടും, സംഭവങ്ങളെ വളച്ചൊടിച്ച് കേസും പരാതിയുമായി അവര്‍ മുന്നോട്ടുപോയി. ഈ എല്ലാ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഞാന്‍ പ്രതികരിച്ചത്. കോപവും വികാരവും ചേര്‍ന്നപ്പോള്‍ വാക്കുകള്‍ക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് ഞാന്‍ പരിധി കടന്നത്. ഒരു കാര്യം വളരെ വ്യക്തമായി പറയണം: സ്ത്രീസമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും ഞാന്‍ എന്നും പിന്തുണയ്ക്കുന്ന ഒരാളാണ്. എന്നെ അടുത്തറിയുന്നവര്‍ക്ക് അത് വിശദീകരണം വേണ്ട കാര്യമല്ല. എന്റെ ജീവിതവും പൊതുപ്രവര്‍ത്തനവും തന്നെയാണ് അതിന്റെ തെളിവ്.

എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, എന്റെ പാര്‍ട്ടിയോടും എന്റെ ജനങ്ങളോടും അതിന് ഞാന്‍ ഉത്തരവാദിത്തത്തോടെ ക്ഷമ ചോദിക്കുന്നു. ഇത് തിരുത്തപ്പെടും തീര്‍ച്ച. വാക്കുകളേക്കാള്‍ കൂടുതല്‍ എന്റെ പ്രവൃത്തികളിലൂടെ തന്നെയായിരിക്കും എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കുക.

Tags: