തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരെത്തന്നെ വീണ്ടും മല്‍സരിപ്പിക്കാനൊരുങ്ങി സിപിഎം. അങ്ങനെ വന്നാല്‍ കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് തന്നെ മല്‍സരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ് വര്‍ക്കലയില്‍ നിന്നുതന്നെ ജനവിധി തേടും. പൊന്നാനി നിയമസഭ മണ്ഡലത്തില്‍ സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ കളത്തിലിറക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ട്. നിലവിലെ എംഎല്‍എ പി നന്ദകുമാറും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം ടി എം സിദ്ധിഖും പൊന്നാനിയിലേക്കുള്ള സാധ്യത പട്ടികയിലിടം തേടിയിട്ടുണ്ട്.
ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് സിറ്റിങ് എംഎല്‍എമാരെത്തന്നെ വീണ്ടും അങ്കത്തിനിറക്കാന്‍ തീരുമാനമായത്. ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തില്‍ പങ്കെടുത്തിരുന്നു.