തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാന്‍ സിപിഎം വീടുകളിലേക്ക്
ജനുവരി 15 മുതല്‍ 22 വരെ ഗൃഹ സന്ദര്‍ശനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ച് പഠിക്കാന്‍ സിപിഎം വീടുകളിലേക്ക്. കേരളത്തിലെ എല്ലാ വീടുകളിലും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പാര്‍ട്ടി നേതൃത്വം മുതല്‍ താഴെത്തട്ടില്‍ ഉള്ളവര്‍ വരെ സന്ദര്‍ശനം നടത്തും. ഒരാഴ്ചയിലധികം നീണ്ടു നില്‍ക്കുന്നതാണ് ഗൃഹ സന്ദര്‍ശനം. ജനുവരി 15 മുതല്‍ 22 വരെയാണ് പ്രചാരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക ഉപരോധത്തിനെതിരേ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ജനുവരി 12ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമരം സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്നതാണ് സമരം. ഫെബ്രുവരി ഒന്നു മുതല്‍ എല്‍ഡിഎഫ് ജാഥകള്‍ സംഘടിപ്പിക്കാനും തീരുമാനമായി. മൂന്ന് മേഖലകളാക്കി തിരിച്ചാണ് ജാഥ. കേന്ദ്രസര്‍ക്കാരിനെതിരേയും, മതനിരപേക്ഷത മുദ്രാവാക്യം ഉയര്‍ത്തിയുമാണ് ജാഥ. ജനുവരി അഞ്ചിന് 23,000 വാര്‍ഡുകളില്‍ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സംഘടിപ്പിക്കും. ജനുവരി 15ന് ലോക്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും. വാര്‍ഡുകളില്‍ കുടുംബയോഗവും, ലോക്കലില്‍ പൊതുയോഗവും നടത്തുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.