ജി സുധാകരനുമായുള്ള അനുനയ ചര്‍ച്ച അവസാനിപ്പിച്ച് സിപിഎം
സുധാകരന്റെ വീട്ടിലെത്തുന്നവരുടെ വിവരം ശേഖരിച്ച് പാര്‍ട്ടി
ആലപ്പുഴ: പാര്‍ട്ടിയംഗത്വം പുതുക്കാന്‍ തയ്യാറാകാത്ത മുന്‍മന്ത്രി ജി സുധാകരനുമായി സിപിഎം അനുനയ ചര്‍ച്ച അവസാനിപ്പിച്ചു. അദ്ദേഹവുമായി ഇനി ചര്‍ച്ചയില്ലെന്ന് സിപിഎം ജില്ലാസെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. ആറു ദിവസം കാത്തിരുന്നിട്ടും ജി സുധാകരന് മനംമാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് നേത്യത്വത്തിന്റെ തീരുമാനം. അംഗത്വം പുതുക്കണമെന്ന് കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാതയും ജില്ലാ സെക്രട്ടേറിയറ്റംഗം ജി ഹരിശങ്കറും നാലുദിവസം മുന്‍പ് സുധാകരന്റെ വീട്ടിലെത്തി അഭ്യര്‍ഥിച്ചിരുന്നു. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.
അംഗത്വം പുതുക്കുക, സര്‍ക്കാര്‍പരിപാടികളില്‍ പങ്കെടുക്കുക, തിരഞ്ഞെടുപ്പു പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു നല്‍കിയ ചുമതലകള്‍ നിര്‍വഹിക്കുക എന്നീ കാര്യങ്ങളാണ് അദ്ദേഹത്തോടാവശ്യപ്പെട്ടത്. എന്നാല്‍, സുധാകരന്റെ സമീപനം അനുകൂലമായിരുന്നില്ല. ഈ സാഹചര്യമാണ് ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടെടുക്കാന്‍ പ്രേരണയായെതെന്നാണ് സൂചന. ആറുദിവസം മുന്‍പാണ് അംഗത്വം പുതുക്കില്ലെന്നു പറഞ്ഞ് കാരണങ്ങള്‍ വ്യക്തമാക്കി ഫേസ്ബുക്കല്‍ സുധാകരന്‍ കുറിച്ചത്. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് പ്രായപരിധിയുടെ പേരില്‍ ഒഴിവാക്കിയപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ചിലാണ് ഉള്‍പ്പെടുത്തിയത്.
അവിടെ അഞ്ചുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും ഒരിക്കല്‍പ്പോലും ജില്ലാ സെക്രട്ടറി വിവരങ്ങള്‍ അന്വേഷിച്ചില്ല. പൊതുപരിപാടികളിലേക്ക് ക്ഷണിച്ചതുമില്ല. അടിയന്തരാവസ്ഥയുടെ 50ാം വാര്‍ഷികത്തിനും വിളിച്ചില്ല. ഇതിനു പുറമേ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കിയത്.
ജി സുധാകരനെ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം. എന്നാല്‍ ജി സുധാകരന്റെ അന്തിമ വാക്കിനായി കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്. അമ്പലപ്പുഴ സീറ്റ് ഒഴിച്ചിട്ടാണ് കോണ്‍ഗ്രസിന്റെ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അമ്പലപ്പുഴ ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കളോട് കാത്തിരിക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കി. അദ്ദേഹം സ്വന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ചാല്‍ ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിയെ സാരമായി ബന്ധിക്കുമെന്നാണ് നിരീക്ഷണം. ജി സുധാകരനുമായുള്ള കോണ്‍ഗ്രസ് ചര്‍ച്ച നിരീക്ഷിക്കുകയാണ് സിപിഎം.

