എക്‌സാലോജിക്: വീണാ വിജയന് ഇന്ന് നിര്‍ണായകം

Update: 2024-02-12 06:54 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മൂന്ന് കേസുകള്‍ ഇന്ന് കോടതിയില്‍. രണ്ട് ഹൈക്കോടതിയിലായി മൂന്ന് കേസുകളാണ് ഇന്ന് പരിഗണിക്കുന്നത്. കമ്പനിക്കെതിരെ നല്‍കിയതും കേന്ദ്ര ഏജന്‍സി ഇടപെടലിനെതിരെ കമ്പനി നല്‍കിയതുമായ കേസുകളാണിവ. കേസില്‍ ഏതെങ്കിലും വിധത്തില്‍ എതിര്‍ പരാമര്‍ശങ്ങളുണ്ടാവുമോ എന്ന ആശങ്ക സിപിഎം വൃത്തങ്ങളിലുണ്ട്. മാസപ്പടി ആരോപണത്തിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ആക്ഷേപങ്ങളില്‍ ശക്തമായ പ്രതിരോധത്തിലാണ് സിപിഎം. തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കമാണിതെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.

    എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ എക്‌സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതിയാണ് പരിഗണിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചത് എന്ത് വിവരത്തിന് അടിസ്ഥാനമായ രേഖകള്‍ ലഭ്യമാക്കുന്നതിനൊപ്പം തുടര്‍ നടപടികളില്‍ സ്‌റ്റേയും കേസ് റദ്ദാക്കണമെന്നുമുള്ള ആവശ്യമാണ് വീണാ വിജയന്‍ മുന്നോട്ട് വയ്ക്കുന്നത്. എസ്എഫ്‌ഐഒ ഡയറക്ടര്‍ക്ക് വേണ്ടി ഹാജരാവുന്നത് കര്‍ണാടകയുടെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കുളൂര്‍ അരവിന്ദ് കാമത്താണ്. കര്‍ണാടക ഹൈക്കോടതിയില്‍ ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചില്‍ ഉച്ചയോടെ കേസ് പരിഗണനയ്ക്ക് വരും.

    സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ള ഇടപാടില്‍ എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഷോണ്‍ ജോര്‍ജിന്റെ ഹരജിയും മാസപ്പടി കേസില്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഐഡിസി നല്‍കിയ ഹരജിയുമാണ് കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

Tags: