പോലിസിനെ ബോംബെറിഞ്ഞ കേസ്; സിപിഎം കൗണ്‍സിലര്‍ വി കെ നിഷാദിന് പരോള്‍

20 വര്‍ഷം ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് പയ്യന്നൂര്‍ നഗരസഭയിലെ 46ാം വാര്‍ഡ് മൊട്ടമ്മലില്‍ നിന്ന് വിജയിച്ചിരുന്നു

Update: 2025-12-26 16:47 GMT

കണ്ണൂര്‍: പോലിസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം കൗണ്‍സിലര്‍ വി കെ നിഷാദിന് പരോള്‍. പയ്യന്നൂര്‍ നഗരസഭാംഗമായി തിരഞ്ഞെടുക്കപ്പട്ട ശേഷമാണ് അടിയന്തര പരോള്‍ അനുവദിച്ചത്. ആറു ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ജയിലിലായതിനാല്‍ വി കെ നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. നിഷാദിന്റെ പിതാവിന് അസുഖം ആയതിനാല്‍ പരോള്‍ അനുവദിച്ചെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. പയ്യന്നൂര്‍ നഗരസഭയിലെ 46ാം വാര്‍ഡ് മൊട്ടമ്മലിലാണ് വി കെ നിഷാദ് ജയിച്ചത്. നേരത്തെ കാറമേല്‍ വെസ്റ്റില്‍ നിന്നുള്ള കൗണ്‍സിലറായിരുന്നു. കഴിഞ്ഞ മാസമാണ് നിഷാദിനെ 20 വര്‍ഷത്തേക്ക് ശിക്ഷിച്ചത്.

പയ്യന്നൂരില്‍ പോലിസിനു നേരെ ബോംബെറിഞ്ഞ കേസിലാണ് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഇരുവരും പത്തു വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. വി കെ നിഷാദ്, ടി സി വി നന്ദകുമാര്‍ എന്നിവര്‍ക്കെതിരേയാണ് തളിപ്പറമ്പ് അഡിഷണല്‍ സെഷന്‍ കോടതി ശിക്ഷ വിധിച്ചത്. കൊലപാക ശ്രമം ബോംബേറ് അടക്കമുള്ള കുറ്റങ്ങളിലാണ് ശിക്ഷ. 2012ല്‍ പോലിസിന് നേരെ ബോംബ് എറിഞ്ഞ കേസിലാണ് ശിക്ഷ. നിലവില്‍ പയ്യന്നൂര്‍ മുന്‍സപാലിറ്റി കൗണ്‍സിലറും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമാണ് വി കെ നിഷാദ്.

അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി ജയരാജനെ പോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് 2012ല്‍ നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്. പയ്യന്നൂര്‍ ടൗണില്‍വെച്ചായിരുന്നു സംഭവം. പയ്യന്നൂര്‍ പോലിസിനു നേരെ ബോംബെറിഞ്ഞു എന്നാണ് കേസ്. ഐപിസി 307 സ്‌ഫോകട വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. നാല് പ്രതികളില്‍ ഒന്നും രണ്ടും പ്രതികളാണ് നിഷാദും നന്ദകുമാറും.

നിലവില്‍ 16 കേസുകളില്‍ പ്രതിയാണ് വി കെ നിഷാദ്. 2009 മുതല്‍ 2016 വരെ പയ്യന്നൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പോലിസിനുനേരേ ബോംബെറിഞ്ഞതിനുപുറമേ കൊലപാതകം, സംഘംചേര്‍ന്ന് ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് നിഷാദിനെതിരേയുള്ളത്.

Tags: