പയ്യന്നൂരില്‍ സിപിഎം ബ്രാഞ്ച് അംഗം ടി പുരുഷോത്തമനെ പുറത്താക്കി

വി കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന ചടങ്ങില്‍ ടി പുരുഷോത്തമനും കുടുംബവും പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് നടപടി

Update: 2026-04-19 08:58 GMT

കണ്ണൂര്‍: പയ്യന്നൂര്‍ എകെജി ഭവന്‍ ബ്രാഞ്ച് അംഗം ടി പുരുഷോത്തമനെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിപിഎം പുറത്താക്കി. വി കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന ചടങ്ങില്‍ ടി പുരുഷോത്തമനും കുടുംബവും പങ്കെടുത്തിരുന്നു. ഇതില്‍ പാര്‍ട്ടി പുരുഷോത്തമനോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഏരിയാ കമ്മറ്റി പുരുഷോത്തമനെതിരേ നടപടി സ്വീകരിച്ചത്. ഇന്നലെ നടന്ന ഞ്ച്രാഞ്ച് യോഗത്തില്‍ പുരുഷോത്തമനെതിരായ നടപടി നേതൃത്വം റിപോര്‍ട്ട് ചെയ്തു. നേരത്തെ രണ്ട് പ്രാവശ്യം പുരുഷോത്തമനെ സിപിഎം പുറത്താക്കിയിട്ടുണ്ട്.

വോട്ടെടുപ്പിന് പിന്നാലെ പുരുഷോത്തമന്റെ വീട് അക്രമിക്കുകയും കാറിന് തീവെക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആക്രമണങ്ങളില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. തിരഞ്ഞെടുപ്പ് ദിവസം രാത്രിയിലാണ് പുരുഷോത്തമന്റെ വീടിന് നേരെ കല്ലെറിഞ്ഞ് ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിക്കുകയും ചെയ്തത്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സുധീഷ്, അജയ് കൃഷ്ണ എന്നിവരായിരുന്നു അറസ്റ്റിലായത്.

Tags: