അരിവാള്‍ കൊണ്ട് ചില പരിപാടികളും അറിയാം; മുസ്ലിം ലീഗിനെതിരെ കൊലവിളി പ്രസംഗവുമായി സിപിഎം ഏരിയ കമ്മിറ്റി അംഗം
കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ കൊലവിളി പ്രസംഗവുമായി സിപിഎം ഏരിയ കമ്മിറ്റി അംഗം. ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം സമീഷാണ് ഭീഷണി മുഴക്കിയത്. മുസ്ലിം ലീഗ് നേതാക്കള്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്നും അരിവാള്‍ കൊണ്ട് ചില പ്രയോഗങ്ങള്‍ അറിയാമെന്നുമായിരുന്നു ഭീഷണി.
ഫറോഖ് മുന്‍സിപ്പാലിറ്റിയില്‍ ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് അതിക്രമം കാണിച്ചുവെന്നാരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ യോഗത്തിനിടെയാണ് കൊലവിളി പ്രസംഗം.
'ഞങ്ങളുടെ ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രമാണ്. ഞങ്ങള്‍ക്ക് അരിവാള്‍ കൊണ്ട് ചില പരിപാടി അറിയാം. അത് മുസ്ലിം ലീഗുകാരന് ബോധ്യപ്പെടുത്തി കൊടുക്കാനുള്ള അവസരം ഉണ്ടാക്കരുത്. എതെങ്കിലും തരത്തിലുള്ള പ്രകോപനം സൃഷ്ടിച്ചാല്‍ നാളെ മുസ്ലിം ലീഗ് കരിദിനം ആചരിക്കേണ്ടി വരും. ഇന്ന് ഒരു പടക്കം എറിഞ്ഞ് ഞങ്ങളുടെ സഖാവിന്റെ വീട്ടില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ആ പ്രകോപനം ഇന്നലെയും ഇന്നും നിങ്ങള്‍ ഉണ്ടാക്കി. ഈ നിമിഷം മുതല്‍ മുസ്ലിം ലീഗിന്റെ നേതാക്കള്‍ വീട്ടില്‍ അന്തിയുറങ്ങില്ലെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ്. നേരത്തെയും ലീഗും സിപിഐഎമ്മും ഏറ്റമുട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ നഷ്ടം മുസ് ലിം ലീഗിനാണ്. ആ ബോധ്യം മുസ്ലിം ലീഗിന്റെ നേതാക്കന്മാര്‍ക്ക് ഉണ്ടാകും. ഞങ്ങള്‍ ഇപ്പോള്‍ ക്ഷമിച്ചത് കൊണ്ടുമാത്രമാണ് സംഘര്‍ഷമുണ്ടാകാത്തത്', എന്നായിരുന്നു സജീഷ് പറഞ്ഞത്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്.