തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് 2026 ഏപ്രില്‍ ഒന്‍പതിന് നടക്കുമെന്ന് പ്രഖ്യപിച്ചതിന് പിന്നാലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് പ്രഖ്യാപനം നടത്തിയത്. 25 മണ്ഡലങ്ങളിലാണ് സിപിഐ മല്‍സരിക്കുന്നത്. 17 പുതുമുഖങ്ങളും നാലു മന്ത്രിമാരും ഇത്തവണ മല്‍സരിക്കും.
തൃശൂരില്‍ സിറ്റിങ് എംഎല്‍എ പി ബാലചന്ദ്രനു പകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണനാണ് മല്‍സരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നിലവില്‍ കയ്പമംഗലം എംഎല്‍എയായ ഇ ടി ടൈസണ്‍ ആണ് പറവൂരില്‍ നേരിടുക. മന്ത്രിമാരില്‍ കെ രാജന്‍ ഒല്ലൂരിലും ജി ആര്‍ അനില്‍ നെടുമങ്ങാട്ടും ജനവിധി തേടുമ്പോള്‍ ജെ ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിലും പി പ്രസാദ് ചേര്‍ത്തലയിലും മല്‍സരിക്കും.
സിറ്റിങ് എംഎല്‍എമാരില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടക്കം എട്ടു പേരാണ് മാറിയത്. ഇ ചന്ദ്രശേഖരന്‍, ഇ കെ വിജയന്‍, പി ബാലചന്ദ്രന്‍, സി സി മുകുന്ദന്‍, സി കെ ആശ, പി സുപാല്‍, ജി എസ് ജയലാല്‍ എന്നിവരാണ് മറ്റുള്ളവര്‍. രണ്ടു സ്ത്രീകള്‍ വേണമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ വൈക്കത്തുനിന്ന് സി കെ ആശ മാറിയപ്പോള്‍ നാദാപുരത്ത് പി വസന്തത്തെ സ്ഥാനാര്‍ഥിയാക്കി. മഞ്ചേരിയില്‍ സിപിഐ സ്വതന്ത്രനായി എം മുസ്തഫ മത്സരിക്കും.
സിപിഐ സ്ഥാനാര്‍ഥികള്‍
കാഞ്ഞങ്ങാട്-ഗോവിന്ദന്‍ പള്ളിക്കാപ്പില്‍
നാദാപുരം-അഡ്വ. പി വസന്തം
തിരൂരങ്ങാടി-അജിത് കൊളാടി
ഏറനാട്-ഷഫീര്‍ കിഴിശ്ശേരി
മഞ്ചേരി-എം മുസ്തഫ
പട്ടാമ്പി-മുഹമ്മദ് മുഹസിന്‍
മണ്ണാര്‍ക്കാട്-അബൂബക്കര്‍ മന്‍സില്‍
തൃശൂര്‍-ആലങ്കോട് ലീലാകൃഷ്ണന്‍
ഒല്ലൂര്‍-കെ രാജന്‍
നാട്ടിക-ഗീതാ ഗോപി
കൈപ്പമംഗലം-കെ കെ വല്‍സരാജ്
കൊടുങ്ങല്ലൂര്‍-വിആര്‍ സുനില്‍
പീരുമേട്-കെ സലിംകുമാര്‍
വൈക്കം-പി പ്രദീപ്
അടൂര്‍-പ്രജി ശശിധരന്‍
പറവൂര്‍-ഇ ടി ടൈസണ്‍
മൂവാറ്റുപുഴ-എന്‍ അരുണ്‍
ചേര്‍ത്തല-പി പ്രസാദ്
ഹരിപ്പാട്-ടി ടി ജിസ്‌മോന്‍
കരുനാഗപ്പള്ളി-എം എസ് താര
ചാത്തന്നൂര്‍-ആര്‍ രാജേന്ദ്രന്‍
ചടയമംഗലം-ജെ ചിഞ്ചുറാണി
പുനലൂര്‍-അജയ പ്രസാദ്
ചിറയിന്‍കീഴ്-മനോജ് എടമന
നെടുമങ്ങാട്-ജി ആര്‍ അനില്‍

