ജനയുഗം ഗുരുനിന്ദ നടത്തിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി; ആക്ഷേപത്തെ വെല്ലുവിളിക്കുന്നതായി ജനയുഗം എഡിറ്റര്‍

ഇന്ന് ശ്രീനാരായണഗുരു ജയന്തി. രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ ദിനപത്രങ്ങളും അവരുടെതായ കാഴ്ച്ചപ്പാടില്‍ ഗുരു ദര്‍ശനങ്ങളെ അവതരിപ്പിച്ചു. ജനയുഗം ഒരു ചെറിയവാര്‍ത്ത നല്‍കി. ജനയുഗത്തിന്റേത് ഗുരുനിന്ദയെന്നും കെകെ ശിവരാമന്‍

Update: 2021-08-23 10:46 GMT

തിരുവനന്തപുരം: സിപിഐ മുഖപത്രം ജനയുഗത്തിനെതിരെ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാന്റെ ആക്ഷേപത്തെ വെല്ലുവിളിക്കുന്നതായി ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്. ഗുരുദേവനെ എല്ലാകാലവും ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ മുഖ്യപരിഗണന നല്‍കിയ പത്രമാണ് ജനയുഗം. ജാതിയുടേയോ മതത്തിന്റെയോ പേരിരല്ല, സാമൂഹ്യ പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് ജനയുഗം കാണുന്നത്. ഇതൊക്കൊ പത്രം വായിക്കുന്നവര്‍ക്കറിയാം. ഗുരുനിന്ദ നടത്തിയെന്ന് അദ്ദേഹത്തിന് തോന്നുന്നുവെങ്കില്‍, ചലഞ്ച് ചെയ്യാന്‍ തയ്യാറാണ്. വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നു. പരാതി പാര്‍ട്ടി പരിശോധിക്കട്ടേയെന്നും രാജാജി സ്വകാര്യ ചാനലിനോട് പറഞ്ഞു.

ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ജനയുഗം പത്രം ഒന്നാം പേജില്‍ ഗുരുവിന്റെ ചെറിയ ചിത്രം മാത്രം കൊടുത്തത് ഗുരുനിന്ദയാണെന്നും ശ്രീനാരായണ ഗുരുവിനെ അറിയാത്ത എഡിറ്റോറിയല്‍ ബോര്‍ഡും മാനേജ്‌മെന്റും ജനയുഗത്തിന് ഭൂഷണമല്ലെന്നും കെകെ ശിവരാമന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

'ഇന്ന് ശ്രീ നാരായണഗുരു ജയന്തി. രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരുടെതായ കാഴ്ച്ചപ്പാടില്‍ ഗുരു ദര്‍ശനങ്ങളെ അവതരിപ്പിച്ചു ലേഖനങ്ങള്‍ എഴുതി ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം കൊടുത്തു. ദീപിക അകം പേജിലും ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിന്റെത് ഗുരു നിന്ദയായിരുന്നു. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയല്‍ ബോര്‍ഡും, മാനേജ്‌മെന്റും ജനയുഗത്തിനു ഭൂഷണമല്ല,' കെകെ ശിവരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിമര്‍ശനത്തിന് അച്ചടക്കത്തിന്റെ പ്രശ്‌നമില്ലെന്ന് കെകെ ശിവരാമന്‍ പറഞ്ഞു.

ഒരേ പാര്‍ട്ടിയുടെ ഒരേ ഗ്രൂപ്പിലുള്ള രണ്ടു മുതിര്‍ന്ന നേതാക്കളുടെ വാദങ്ങള്‍ സിപിഐയില്‍ ചര്‍ച്ചയാകും എന്നത് തീര്‍ച്ചയാണ്. സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ ചീഫ് എഡിറ്റര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്.

Tags: