ഹിന്ദു ഐക്യവേദിയുടെ വേദിയില്‍ സിപിഐ നേതാവ്; പങ്കെടുത്തത് വിയോജിപ്പുകള്‍ പറയാനാണെന്ന് ന്യായീകരണം

Update: 2022-07-13 06:15 GMT

പാലക്കാട്: ആര്‍എസ്എസ് സംഘപരിവാര വേദികളില്‍ ഇടത് പാര്‍ട്ടി നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തത് വിവാദമായതിനിടയില്‍ ഹിന്ദു ഐക്യവേദി പരിപാടിയില്‍ സിപിഐ നേതാവും. സിപിഐ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ് മാസ്റ്ററാണ് പട്ടാമ്പിയില്‍ നടന്ന ഹിന്ദു ഐക്യവേദി പരിപാടിയില്‍ പങ്കെടുത്തത്.

2022 ജൂലൈ 12 ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പട്ടാമ്പി രാജപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടന്ന 'കേരളം താലിബാനിസത്തിലേക്കോ?' എന്ന സെമിനാറിലാണ് എ പി അഹമ്മദ് മാസ്റ്റര്‍ പങ്കെടുത്തത്.

വേദിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല, കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്റര്‍ കാഭാ സുരേന്ദ്രന്‍ എന്നിവരും മറ്റ് സംഘപരിവാര നേതാക്കളും പങ്കെടുത്തു.

വര്‍ഗീയ പ്രീണനം, കശ്മീര്‍ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളാണ് പരിപാടിയില്‍ ചര്‍ച്ച ചെയ്തത്.

പങ്കെടുത്തതിനെ അദ്ദേഹം ന്യായീകരിച്ചു. ആര്‍എസ്എസ് പരിപാടിയല്ലെന്നും അവിടെ നടന്നത് സംവാദമാണെന്നും അവരുടെ മുന്നില്‍ത്തന്നെ വിയോജിപ്പുകള്‍ പറയാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന വേദിയില്‍ മുസ് ലിംലീഗുകാരും സേവാഭാരതി പരിപാടിയില്‍ കെ ടി ജലീല്‍ പോയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

വി ഡി സതീശന്‍, കെ എന്‍എ ഖാദര്‍, കെ കെ ശൈലജ, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ സംഘപരിവാര ബന്ധമുള്ളവരുടെ വേദിയില്‍ പോയത് കേരളത്തില്‍ വലിയ ചര്‍ച്ചയാണ്.