കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണമെന്ന് സിപിഐ കേരള ഘടകം

Update: 2022-10-16 15:25 GMT

വിജയവാഡ: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സിപിഐ കേരളഘടകം. വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ആവശ്യമുയര്‍ന്നത്. ദേശീയതലത്തില്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെട്ട സഖ്യം വേണമെന്ന് രാഷ്ട്രീയ റിപോര്‍ട്ട് ചര്‍ച്ചയില്‍ മന്ത്രി പി പ്രസാദും രാജാജി മാത്യു തോമസുമാണ് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിനോട് സിപിഎമ്മിനുള്ളതുപോലെയുള്ള സമീപനം പാടില്ല. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎമ്മിന്റേതുപോലെ ഒളിച്ചുകളി ഒഴിവാക്കണം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ ബദല്‍ സഖ്യ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നു.

കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും ധാരണയാവാമെന്നും സംസ്ഥാനങ്ങളില്‍ സഹകരിക്കാമെന്നുമുള്ള സിപിഎം നിലപാടിനെയാണ് സിപിഐ കേരള ഘടകം വിമര്‍ശിച്ചത്. അതേസമയം, പാര്‍ട്ടിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമായി നടപ്പാക്കാനും സിപിഐ തീരുമാനിച്ചു. പ്രായപരിധിയെ ചൊല്ലി പരസ്യപ്പോര് വരെ കേരളത്തില്‍ നടന്നതിനൊടുവില്‍ സിപിഐ കേന്ദ്ര തീരുമാനവും കാനം രാജേന്ദ്രന് അനുകൂലമാവുകയാണ്.

പ്രായപരിധിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്കാണ് ദേശീയ നേതൃത്വവുമെത്തുന്നത്. പ്രായപരിധി നടപ്പാക്കുന്നതിലെ ഭരണഘടനാ ഭേദഗതിയില്‍ നാളെ ചര്‍ച്ചയുണ്ടാവും. പ്രായപരിധി നടപ്പാക്കുന്നതിന് ഭരണഘടന പാര്‍ട്ടി പരിപാടി കമ്മീഷന്‍ യോഗം നാളെ രാവിലെ 9.30ന് ചേരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കമ്മീഷന്‍ അംഗമാണ്. റിപോര്‍ട്ട് നാളെ വൈകീട്ട് സമര്‍പ്പിക്കും. പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയിലടക്കം മാറ്റം വരുത്തണമെന്ന നിര്‍ദേശത്തോടെ അവതരിപ്പിച്ച കരട് സംഘടന റിപോര്‍ട്ടിലും രാഷ്ട്രീയ പ്രമേയത്തിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച തുടരുകയാണ്.

റിപോര്‍ട്ടുകളെക്കുറിച്ച് സംസ്ഥാനങ്ങള്‍ അഭിപ്രായം വ്യക്തമാക്കും. പുതിയ കൗണ്‍സിലിനെക്കുറിച്ചുള്ള ആലോചന നാളെ നടക്കും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്‌ക്കെതിരേയും സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനമുയര്‍ന്നു. ദേശീയ തലത്തില്‍ നേതൃത്വം അലസത കാണിക്കുന്നുവെന്ന് കേരളത്തില്‍ നിന്നുള്ള പി പ്രസാദ് ആരോപിച്ചു. നേതൃപദവിയില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കണം. പദവികള്‍ അലങ്കാരമായി കൊണ്ടുനടക്കരുത്. യുദ്ധം തോല്‍ക്കുമ്പോള്‍ സേനാ നായകര്‍ പദവി ഒഴിഞ്ഞ ചരിത്രമാണുള്ളതെന്നും കേരള ഘടകം വ്യക്തമാക്കി.