കൊവാക്‌സിന് ഉടന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചേക്കുമെന്ന് നിതി ആയോഗ് അംഗം ഡോ. വി കെ പോള്‍

Update: 2021-06-28 13:56 GMT

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ഉടന്‍ ലാകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചേക്കുമെന്ന് നിതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോള്‍ പ്രത്യാശ പ്രകടിപ്പിച്ചു. അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ താമസിയാതെ തീരുമാനമുണ്ടായേക്കുമെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.

രാജ്യത്ത് ഉപയോഗത്തിലിരിക്കുന്ന മൂന്ന് വാക്‌സിനുകളിലൊന്നാണ്് ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍. ആസ്ട്രസെനക്കയുടെ കൊവിഷീല്‍ഡ്, റഷ്യന്‍ സ്പുട്‌നിക്ക് 5 എന്നിവയാണ് മറ്റ് വാക്‌സിനുകള്‍.

ഇതില്‍ കൊവാക്‌സിന്‍ മാത്രമാണ് ഇന്ത്യയില്‍ വികസിപ്പിച്ച വാക്‌സിന്‍.

കൊവാക്‌സിന് അനുമതി ലഭിക്കാതിരിക്കുന്നത് അന്താരാഷ്ട്ര യാത്രികര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ അംഗീകാരം ഉള്ള വാക്‌സിനുകള്‍ എടുത്തവര്‍ക്കുമാത്രമേ പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുന്നുള്ളൂ.

തങ്ങളുടെ വാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് ഭാരത് ബയോടെക്കിന്റെ അവകാശവാദം.

Tags: