കൊവിഷീല്‍ഡിന് 16 യൂറോപ്യന്‍ രാജ്യങ്ങളില്‍ അംഗീകാരം

Update: 2021-07-17 16:51 GMT

ന്യൂഡല്‍ഹി: ഓക്‌സ്ഫഡും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ് കൊവിഡ് വാക്‌സിന് 16 യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകാരം നല്‍കി. സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അഡര്‍ പൂനെവാലെയാണ് ശനിയാഴ്ച സന്തോഷകരമായ വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവച്ചത്.

കൊവിഷീല്‍ഡ് ഉപയോഗിച്ച് അന്തര്‍ദേശീയ യാത്ര നടത്തുന്നവര്‍ക്ക് ഇനി ഇതിന്റെ പേരില്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം വാക്‌സിന്‍ എടുത്താലും ഓരോ രാജ്യത്തും വ്യത്യസ്ത മാര്‍ഗനിര്‍ദേശങ്ങളാണ് ഉണ്ടാവുകയെന്നും യാത്ര പുറപ്പെടും മുമ്പ് അത് അറിഞ്ഞെരിക്കണമെന്നു അദ്ദേഹം പറഞ്ഞു.

കൊവിഡ് വാക്‌സിനുകളായ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മറ്റ് രാജ്യങ്ങള്‍ക്കു മുകളില്‍ സമ്മര്‍ദ്ദംചെലുത്തിയിരുന്നു.

കൊവിഷീല്‍ഡിന് അംഗീകാരം ലഭിക്കാതിരുന്നാല്‍ ഈ വാക്‌സിന്‍ സ്വീകരിച്ചവരെ വിദേശത്തേക്ക് പ്രവേശിപ്പിക്കുകയില്ല. ആ പ്രതിസന്ധിക്കാണ് ഇതുവഴി പരിഹാരമാവുന്നത്. 

ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാന്റ്, അയര്‍ലന്‍ഡ്, ലാറ്റ്വിയ, നെതര്‍ലാന്‍ഡ്‌സ്, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങി 16 രാജ്യങ്ങളാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ 13 എണ്ണം യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളാണ്.