ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ട്രയിന്‍; വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പരിപാടികള്‍ പിന്‍വലിച്ചു

Update: 2020-05-16 18:11 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ ആവശ്യാര്‍ഥം മെയ് 20ന് കേരളത്തിലേക്ക് പ്രത്യേക ശ്രമിക് ട്രെയിന്‍ അനുവദിച്ചു. കേരള ഹൗസില്‍ നിന്ന് ഈ വിവരം ലഭിച്ച ഉടനെ തിരിച്ചുവരവുമായി ബന്ധപ്പെട്ട സമരപരിപാടികള്‍ പിന്‍വലിച്ചതായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പത്രകുറിപ്പില്‍ പറഞ്ഞു.

ആദ്യം പ്രഖ്യാപിച്ചിരുന്ന പ്രത്യേക തീവണ്ടി പിന്നീട് ഉപേക്ഷിച്ചത് വിദ്യാര്‍ത്ഥികളെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡല്‍ഹി മലയാളി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങള്‍ കഴിഞ്ഞ ദിവസം പത്രമാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.

സമരങ്ങളുടെ ഭാഗമായാണ് ഉടനെ തന്നെ തിരികെ നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് നടന്നുപോകുമെന്ന് വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക തീവണ്ടി ഉപേക്ഷിച്ചത് ശരിയായ നടപടി ആയിരുന്നില്ലെന്നും അതിനാല്‍ ഉടനടി കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി മലയാളി വിദ്യാര്‍ത്ഥികളുടെ ഈ സമരപ്രഖ്യാപനം സര്‍ക്കാറിനെ ഏറെ സമ്മര്‍ദത്തിലാക്കിയിരുന്നു.

വിദ്യാര്‍ത്ഥികളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി ഈ പ്രതിഷേധങ്ങളോട് ചേര്‍ന്ന് നിന്ന എല്ലാവര്‍ക്കും വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് എല്ലാവിധ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

Tags:    

Similar News