കൊവിഡ്: മൃതദേഹം കുളിപ്പിക്കാന്‍ ലോകാരോഗ്യസംഘടന നിര്‍ദേശിക്കാത്ത പ്രോട്ടോകോളുകള്‍ തടസ്സമാകരുതെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍
കോഴിക്കോട്: കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കുളിപ്പിക്കുന്നതിന് ലോകാരോഗ്യസംഘടന നിര്‍ദേശിക്കാത്ത അനാവശ്യ പ്രോട്ടോകോളുകള്‍ ഉയര്‍ത്തി തടസ്സമുണ്ടാക്കരുതെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദു ലത്തീഫ് മദനി, ജന:സെക്രട്ടറി ടി.കെ അഷറഫ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വിവിധ സംഘടനകള്‍ നേരത്തെ പെടുത്തിയപ്പോള്‍ മൃതദേഹം വൃത്തിയാക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴും അക്കാര്യത്തില്‍ വ്യക്തമായ ധാരണ ആശുപത്രിയില്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്നവര്‍ക്ക് ലഭിച്ചിട്ടില്ല. ലോകാരോഗ്യസംഘടന പുറപ്പെടുവിപ്പിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചുകൊണ്ട് മൃതദേഹം കുളിപ്പിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. രോഗിയില്‍ നിന്ന് പകരുന്നതിനേക്കാള്‍ മൃതദേഹത്തില്‍ നിന്ന് രോഗം പകരാന്‍ സാധ്യത വളരെ കുറവാണെന്നിരിക്കെ അനാവശ്യ നിയന്ത്രണങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാവുന്നത് വേദനാജനകമാണെന്ന് നേതാക്കള്‍ പറഞ്ഞു.
പോസിറ്റീവ് രോഗികള്‍ വീടുകളില്‍ താമസിക്കുന്ന ഘട്ടത്തിലുണ്ടാകുന്ന പകര്‍ച്ചയെക്കാള്‍ നേരിയ സാധ്യതയാണ് സ്രവങ്ങള്‍ മുഖേന മരണപ്പെട്ടവരില്‍ നിന്നുണ്ടാവുക. മൃതദേഹത്തോട് ആദരവ് കാണിക്കണമെന്നത് ലോകാരോഗ്യസംഘടനയുടെ ശക്തമായി നിര്‍ദേശവും മാനവികതയുടെ അടയാളവും വിശ്വാസി സമൂഹത്തിന്റെ മതപരമായ ബാധ്യതയുമായതിനാല്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് മൃതദേഹം വൃത്തിയാക്കാന്‍ ബന്ധുക്കള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന നടപടികള്‍ കൈക്കൊള്ളണമെന്നും വിസ്ഡം നേതാക്കള്‍ ആവശ്യപ്പെട്ടു.
ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കുകയും ചടങ്ങുകള്‍ നടത്തുന്നതിലെന്ന പോലെ കുളിപ്പിക്കുന്ന വിഷയത്തിലും ആരോഗ്യ വകുപ്പിന്റെ മേല്‍ നോട്ടം ഉറപ്പാക്കിയാല്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്ന വിഷയം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
