കൊവിഡിന്റെ പ്രഭവകേന്ദ്രം കണ്ടെത്താന്‍ ലോകാരോഗ്യസംഘടനാസംഘം വുഹാനില്‍

Update: 2021-01-14 18:04 GMT

ബെയ്ജിങ്: കൊവിഡിന്റെ പ്രഭവകേന്ദ്രവും അത് വ്യാപിച്ചത് എങ്ങനെയെന്നും കണ്ടെത്താന്‍ ലോകാരോഗ്യസംഘടനയുടെ പത്തംഗ വിദഗ്ധസംഘം ചൈനയിലെ വുഹാനിലെത്തി. രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ കാലാവധിയും കൊവിഡ് പരിശോധനകളും പൂര്‍ത്തീകരിച്ചതിനു ശേഷം മാത്രമാകും സംഘത്തിനു തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനീസ് ഭരണകൂടം അനുമതി നല്‍കുക. ലോകാരോഗ്യ സംഘടനയും ബെയ്ജിങും തമ്മില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കാരണം തേടി ചൈനയില്‍ എത്തിയത്. ഇവര്‍ ചൈനീസ് ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

യുഎസ്, ഓസ്‌ട്രേലിയ, ജര്‍മ്മനി, ജപ്പാന്‍, ബ്രിട്ടന്‍, റഷ്യ, നെതര്‍ലന്‍ഡ്, ഖത്തര്‍, വിയറ്റ്‌നാം എന്നിവിടങ്ങളിലെ വിദഗ്ധരാണ് സംഘത്തില്‍ ഉള്ളത്. ക്വാറന്റൈനില്‍ ചൈനയിലെ ആരോഗ്യവിദഗ്ധരുമായി സംഘം വിഡിയോ കോണ്‍ഫറന്‍സിങ് മുഖാന്തരം കൂടിക്കാഴ്ച നടത്തും. ഈ മാസം ആദ്യം എത്താനിരുന്ന സംഘത്തിനു ചൈന ആദ്യം അനുമതി നിഷേധിച്ചതു വിവാദമായിരുന്നു.