കൊവിഡ് വാക്‌സിന്‍ സൗജന്യമായി വീട്ടിലെത്തിക്കണം; സുപ്രിംകോടതിയില്‍ യൂത്ത് ബാര്‍ അസോസിയേഷന്റെ ഹരജി

Update: 2021-05-10 14:02 GMT

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സൗജന്യമായി പൗരന്മാരുടെ വീട്ടിലെത്തിച്ചു നല്‍കണമെന്ന ആവശ്യവുമായി യൂത്ത് ബാര്‍ അസോസിയേഷന്‍ സുപ്രിംകോടതിയെ സമീപിച്ചു. സമൂഹത്തിലെ പ്രാന്തവര്‍കൃതരായ വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, പ്രായമായവര്‍, ദരിദ്രര്‍, പല തരത്തില്‍ പിന്നാക്കാവസ്ഥയിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് കൊവിഡ് വാക്‌സിന്‍ വീട്ടുപടിക്കലെത്തിക്കണമെന്നാണ് ആവശ്യം. ഓണ്‍ലൈന്‍ വഴി വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും വാക്‌സിന്‍ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

യൂത്ത് ബാര്‍ അസോസിയേഷന്‍ പൊതുതാല്‍പ്പര്യ ഹരജിയുമായാണ് കോടതിയിലെത്തിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ സന്‍പ്രീത് സിങ്, അജ്മാനി, കുല്‍ദീപ് റായി, മഞ്ചു ജെയ്റ്റ്‌ലി, ബാബ്ലി സിങ് തുടങ്ങിയവരാണ് ഹാജരാവുന്നത്.

വീട്ടുപടിക്കല്‍ കൊവിഡ് വാക്‌സിന്‍ നല്‍കുന്ന തരത്തില്‍ ഗൈഡ് ലൈന്‍ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ സൗജന്യമായിരിക്കണമെന്നും ആവശ്യപ്പെടുന്നു.

24/7 പ്രവര്‍ത്തിക്കുന്ന ഒരു ടോള്‍ ഫ്രീ നമ്പറും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരിയില്‍ ആരംഭിച്ചുവെങ്കിലും വാക്‌സിന്റെ അഭാവവും വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളും രാജ്യത്ത് വാക്‌സിനേഷനില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാക്‌സിന്‍ സൗജന്യമായി വീട്ടിലെത്തിക്കണമന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.