കൊവിഡ്: 18- 44 പ്രായമുള്ള അനുബദ്ധ രോഗങ്ങളുള്ളവരുടെയും, മുന്‍ഗണനാ വിഭാഗക്കാരുടെയും വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ

Update: 2021-05-21 04:11 GMT

തിരുവനന്തപുരം: 18 -44 പ്രായമുള്ളവരുടെ വാക്‌സിനേഷന് നിര്‍ദ്ദേശിക്കപ്പെട്ട മാതൃകയിലല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതു മൂലം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് ഒഴിവാക്കാനായി ആരോഗ്യവകുപ്പിന്റെ ഇ- ഹെല്‍ ത്തിന്റെ ഭാഗമായുള്ള covid19.kerala.gov.in/vaccine എന്ന സൈറ്റില്‍ അനുബദ്ധ രോഗങ്ങളുടെയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റയും മാതൃക നല്‍കിയിട്ടുണ്ട്. വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷനര്‍ നല്‍കുന്ന ഇതേ മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്.

18- 44 പ്രായമുള്ളവരില്‍ അനുബദ്ധ രോഗങ്ങളുള്ളവരും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരും cowin.gov.in എന്ന വെബ് സൈറ്റില്‍ പ്രാഥമിക വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത ശേഷമായിരിക്കണം, ആരോഗ്യ വകുപ്പിന്റെ covid19.kerala.gov.in/vaccine എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഹൃദയ, കരള്‍, വൃക്ക, ശ്വാസകോശ, നാഡീ സംബദ്ധമായ രോഗങ്ങള്‍, ക്യാന്‍സര്‍, ജനിതക രോഗങ്ങള്‍, ഭിന്നശേഷി ക്കാര്‍, അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ തുടങ്ങി 23 രോഗാവസ്ഥകളില്‍ പെട്ട 18-44 വയസ്സ് പ്രായമായവര്‍ക്കാണ് വാക്്‌സിനെടുക്കാന്‍ അര്‍ഹതയുള്ളത്.

ഇത് കൂടാതെ സംസ്ഥാന സര്‍ക്കാര്‍ 18-44 പ്രായമുള്ളവരില്‍ 32 വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ തൊഴിലുടമയാണ് ചെയ്യേണ്ടത്. തൊഴിലുടമയുടെ ഫോണ്‍ നമ്പരും, ആധാര്‍ നമ്പര്‍, ലൈസന്‍സ് വിവരങ്ങള്‍ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

45 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വ്ക്‌സിനേഷന്‍ ആദ്യ ഡോസായാലും, രണ്ടാം ഡോസായാലും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ഷെഡ്യൂള്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇനി വാക്‌സിന്‍ നല്‍കുക. സ്‌പോട്ട് വാക്‌സിനേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.