കൊവിഡ് വാക്‌സിന്‍: ഫൈസറും ജോണ്‍സന്‍ ആന്റ് ജോണ്‍സനുമായി ചര്‍ച്ച ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും പ്രധാന കൊവിഡ് വാക്‌സിന്‍ ഉല്‍പ്പാദകരായ ഫൈസറും ജോണ്‍സന്‍ ആന്റ് ജോണ്‍സനുമായി ചര്‍ച്ച തുടങ്ങിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കൃഷ്ണ റെഡ്ഡി. ഡല്‍ഹിയില്‍ വാക്‌സിനേഷന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വാക്‌സിനേഷനെ രാഷ്ട്രീയവല്‍ക്കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് പദ്ധതി. അതിന് 250 കോടി വാക്‌സിന്‍ വേണ്ടിവരും. പല കമ്പനികളുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുന്നുണ്ട്. സ്പുട്‌നിക്ക് വാക്‌സിന്‍ ഹൈദരാബാദില്‍ എത്തിയിട്ടുണ്ട്. ഫൈസറും ജോണ്‍സന്‍ ആന്റ് ജോണ്‍സനുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു- അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷനെ രാഷ്ട്രീയകണ്ണിലൂടെ കാണരുത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് നിലവില്‍ മൂന്ന് വാക്‌സിനുകളാണ് ലഭിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക്ക് 5.
കേന്ദ്ര സര്‍ക്കാരിന്റെ കണക്കില്‍ രാജ്യത്ത് 21,85,46,667 ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.