15-18 വയസ്സുകാര്‍ക്ക് ജനുവരി 3 മുതല്‍ കൊവിഡ് വാക്‌സിന്‍

Update: 2021-12-25 17:12 GMT

ന്യൂഡല്‍ഹി: 15നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് 2022 ജനുവരി 3ാം തിയ്യതി മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോണിന്റെ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തര സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. 12 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്.

2-18 പ്രായക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ഭാരത് ബയോടെക്ക് ഡ്രഗ് കണ്‍ട്രോളര്‍ക്കും സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും കൈമാറിയിട്ടുണ്ട്.

സിഡിഎസ്സിഒ രേഖകള്‍ പരിശോധിച്ച ശേഷമാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി ജനങ്ങളോടുള്ള സന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ ഒരുപാട് പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ട്. പക്ഷേ, അതോര്‍ത്ത് ഭയപ്പെടേണ്ടകാര്യമില്ല. കൈകള്‍ കഴുകാനും മാസ്‌ക് ധരിക്കാനും ശ്രദ്ധിക്കണം- പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം 60 വയസ്സിനുമുകളിലുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാനും തീരുമാനിച്ചു.