കൊവിഡ് വാക്‌സിന്‍: പഞ്ചാബില്‍ ആദ്യ ഷോട്ട് അമരീന്ദര്‍ സിങ്ങിന്, വാക്‌സിന്‍ സ്വീകരിക്കേണ്ടവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി

Update: 2020-12-02 13:44 GMT

ചണ്ഡീഗഢ്: കൊവിഡ് വാക്‌സിന്‍ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍  വാക്‌സിന് ഐസിഎംആര്‍ അനുമതി നല്‍കിയാല്‍ പഞ്ചാബിലെ ആദ്യ ഷോട്ട് താന്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അമരേന്ദര്‍ സിങ്.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെയും പ്രതിരോധത്തിന്റെയും തല്‍സ്ഥിതി പരിശോധിക്കാന്‍ വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വാക്‌സിന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രായോഗികപ്രശ്‌നങ്ങളും യോഗം ചര്‍ച്ചചെയ്തു.

ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജി ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യ ഷോട്ട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് അമരീന്ദര്‍ സിങ് ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.

ഒരു ഇന്ത്യന്‍ കമ്പനി ഇത്തരമൊരു വാക്‌സിന്‍ വികസിപ്പിച്ചെടുത്തുവെന്നത് വളരെ അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭാരത് ബയോടെക്ക് അതിന്റെ രണ്ട് ഘട്ട  കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തിക്കഴിഞ്ഞു. മൂന്നാം ഘട്ടമാ ണ് ഇപ്പോള്‍ നടക്കുന്നത്.

വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ മുന്‍ഗണനാ  നിര്‍ദേശങ്ങള്‍ തന്നെയാണ് പഞ്ചാബും സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കും. തുടര്‍ന്ന് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, പ്രായമായവര്‍, അസുഖബാധിതര്‍ തുടങ്ങിയവര്‍ക്ക് നല്‍കും.

ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കേണ്ട 1.25 ലക്ഷം സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യപ്രവര്‍ത്തകരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു.

Similar News