രാജ്യവ്യാപകമായി ഇന്ന് കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍, കേരളത്തില്‍ നാല് ജില്ലകളില്‍

Update: 2021-01-02 04:17 GMT


ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഇന്ന് കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ പദ്ധതി നടപ്പാക്കും. വാക്‌സിന്‍ വിതരണ  ട്രയല്‍ പദ്ധതിയാണ് ഡ്രൈ റണ്‍ എന്ന് അറിയപ്പെടുന്നത്. കേരളത്തില്‍ തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി നാല് ജില്ലകളിലാണ് കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തുക. 

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമുള്ള സജ്ജീകരണങ്ങള്‍ എല്ലായിടത്തും പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. അതതു ജില്ലകളിലെ തിരഞ്ഞെടുത്ത ആശുപത്രികളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്. 

ആന്ധ്ര, ഗുജറാത്ത്, പഞ്ചാബ്, അസം തുടങ്ങി നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ ഇതോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ട് ദിവസങ്ങളിലായിരുന്നു അവിടെ ഡ്രൈ റണ്‍ നടത്തിയത്. ജനുവരിയില്‍ മറ്റ് സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അന്നുതന്നെ അറിയിച്ചിരുന്നു. അതുപ്രകാരമാണ് ഇന്ന് ഡ്രൈ റണ്‍ പദ്ധതി നടപ്പാക്കുന്നത്. 

മറ്റ് സംസ്ഥാനങ്ങളില്‍ തലസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടപടികള്‍ നടത്തുന്നതെങ്കില്‍ കേരളവും മഹാരാഷ്ട്രയും തലസ്ഥാനത്തിന് പുറത്താണ് അത് നടപ്പാക്കുന്നത്. ചുരുങ്ങിയത് മൂന്നിടങ്ങളില്‍ ഡ്രൈ റണ്‍ നടത്തണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ ഡ്രൈ റണുമായി ബന്ധപ്പെട്ട അവലോകനയോഗം വിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടപടികള്‍ക്കു സമാനമായി തയ്യാറെടുപ്പുകള്‍ നടത്താനാണ് ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

യഥാര്‍ത്ഥ കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും തയ്യാറെടുപ്പുനടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ നടത്തുന്നത്. കൊവിഡ് വാക്‌സിന്‍ വിതരണ സംവിധാനം, വിവരങ്ങള്‍ സൈറ്റുകളില്‍ അപ് ലോഡ് ചെയ്യല്‍, വാക്‌സിനേഷ് ടീമിനെ സജ്ജീകരിക്കലും വിന്യസിക്കലും, വാക്‌സിന്‍ ശേഖരണം, റിപോര്‍ട്ടിങ്, അവലോകനം തുടങ്ങി ഇതുസംബന്ധിച്ച വിവരണങ്ങള്‍ ശേഖരിക്കലും ഡ്രൈ റണിന്റെ ഭാഗമാണ്.

ഡിസംബര്‍ 20 ന് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക.

Tags: