ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ്

പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി

Update: 2021-12-07 04:32 GMT

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കും. പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി. ശുപാര്‍ശ ആരോഗ്യമന്ത്രാലയത്തിനു കൈമാറുന്നതിനു മുമ്പ് സമിതി ഒരിക്കല്‍കൂടി സ്ഥിതി വിലയിരുത്തും.

നിലവിലുള്ള വാക്‌സിനുകള്‍ ഒമിക്രോണിനെതിരേ ഫലപ്രദമാവുമോ എന്നറിയാന്‍ ഒന്നോ രണ്ടോ ആഴ്ച കൂടി കാത്തിരിക്കാനാണ് യോഗത്തില്‍ ധാരണയായത്. രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് അടിയന്തരമായി നല്‍കണമെന്ന ആവശ്യം ശക്തമാണ്. 40 വയസ്സിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നു കേന്ദ്രസര്‍ക്കാര്‍ സജ്ജമാക്കിയ ലാബുകളുടെ കണ്‍സോര്‍ഷ്യം നിര്‍ദേശിച്ചിരുന്നു.

കൊവിഡിനെതിരേ ഇന്ത്യയില്‍ 2021 ജനുവരി 16നാണ് കുത്തിവയ്പ്പ് ആരംഭിച്ചത്. തുടക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്‍നിര പോരാളികള്‍ക്കും മാത്രമായിരുന്നു വാക്‌സിന്‍ നല്‍കിയിരുന്നത്.

Tags: