കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം: മുഖ്യമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2020-12-14 15:46 GMT

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ചട്ടലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ പരാതി കിട്ടിയെന്നും കമ്മീഷന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നു ആരോപിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നന്‍കിയിരുന്നു. പെരുമാറ്റച്ചട്ടം വന്ന ശേഷം സര്‍ക്കാര്‍തലത്തില്‍ സൗജന്യങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കരുതെന്ന നിര്‍ദേശം മറികടന്നാണു മുഖ്യമന്ത്രിയുടെ നടപടിയെന്നു പ്രതിപക്ഷം ആരോപിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇതിനെതിരേയാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും കെ.സി. ജോസഫ് എംഎല്‍എയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയത്. വാക്‌സിന്‍ വിതരണം സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങള്‍ ഒന്നും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി മുന്‍കൂട്ടി പ്രഖ്യാപനം നടത്തിയതു വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരേ നടപടി സ്വീകരിക്കണമെന്നു പരാതിയില്‍ യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

നാലു ജില്ലകളിലെ തെരഞ്ഞെടുപ്പു പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുന്പ് തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചു നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കെ. സി. ജോസഫ് എംഎല്‍എ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.