കൊവിഡ് വാക്‌സിനേഷന്‍; മലപ്പുറത്ത് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി

ഇനി മുതല്‍ വാക്‌സിന്‍ ലഭിക്കേണ്ടവര്‍ അതത് പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളേയോ, അല്ലെങ്കില്‍ അവര്‍ നിശ്ചയിക്കുന്ന കുത്തിവെപ്പ് കേന്ദ്രങ്ങളെയോ സമീപ്പിക്കേണ്ടതാണ്

Update: 2021-06-04 14:17 GMT

മലപ്പുറം: കൊവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തിലും സുഗമമായും ലഭിക്കുന്നതിനുവേണ്ടി ജില്ലയില്‍ കര്‍മപദ്ധതി തയ്യാറാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗ തീരുമാനപ്രകാരം ആരോഗ്യവകുപ്പ് പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

നിലവില്‍ ജില്ലയില്‍ വാക്‌സിനേഷന്‍ നല്‍കിയിരുന്നത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് , കുത്തിവെപ്പ് കേന്ദ്രവും തീയതിയും ലഭിച്ചവര്‍ക്ക് ആയിരുന്നു. ഇത് പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയും, അലോട്‌മെന്റ് കിട്ടാതെ വരികയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ വാക്‌സിന്‍ ലഭിക്കേണ്ടവര്‍ അതത് പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളേയോ, അല്ലെങ്കില്‍ അവര്‍ നിശ്ചയിക്കുന്ന കുത്തിവെപ്പ് കേന്ദ്രങ്ങളെയോ സമീപ്പിക്കേണ്ടതാണ്. ഈ കേന്ദ്രങ്ങളില്‍ വെച്ച് അവരുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അവര്‍ക്ക് വാക്‌സിന്‍ നല്‍കും. വാര്‍ഡ് തല ആര്‍ആര്‍ടിമാര്‍ മുഖാന്തരം അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ പൊതുജനങ്ങള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് പോകാന്‍ പാടുള്ളൂ. എല്ലാവരും കൂട്ടത്തോടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നത് കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനിടയാക്കും എന്നതിനാലാണ് ഈ ക്രമീകരണം. വാക്‌സിനേഷന്‍ ലഭിക്കേണ്ട വിവിധ വിഭാഗത്തില്‍ പെട്ടവരെ ആര്‍ ആര്‍ ടി മാര്‍ വിവരം അറിയിക്കും. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

ഹജ്ജ്, വിദേശത്തു പോകേണ്ടവര്‍, രണ്ടാം ഡോസിന്റെ സമയം കഴിഞ്ഞവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. ജില്ലയില്‍ 116 സ്ഥാപനങ്ങളിലായി വിവിധ മുന്‍ഗണന വിഭാഗങ്ങള്‍ക്കായുള്ള 1,24,760 ഡോസ് വാക്‌സിന്‍ ആണ് ഉള്ളത്. ഇതില്‍ 75,960 ഡോസുകള്‍ 44 വയസ്സിനു താഴെ ഉള്ളവര്‍ക്ക് നല്കുന്നതിനായും, 48,800 ഡോസ് 44 വയസിനു മേല്‍ പ്രായം ഉള്ളവര്‍ക്കും നല്‍കുന്നതിനും വേണ്ടിയുള്ളതാണ്.

പുതിയ കര്‍മപദ്ധതി അനുസരിച്ച് 106 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പഞ്ചായത്തുകളില്‍ ദിവസം 400 പേര്‍ക്ക് വീതവും നഗരസഭകളില്‍ ദിവസം 800 പേര്‍ക്ക് വീതവും ക്യത്തിവെപ്പ് നല്‍കുന്നതിനായി അടുത്ത ഒരാഴ്ച കാലത്തേക്കുള്ള വാക്‌സിനു വേണ്ടിയുള്ള ഇന്റന്റ് നല്‍കിയതായും ഡി എം ഒ ഡോ. കെ സക്കീന അറിയിച്ചു.

Tags:    

Similar News