കൊവിഡ് വാക്സിനുമായി പെട്ടെന്നുള്ള മരണങ്ങൾക്ക് ബന്ധമില്ല: കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: പെട്ടെന്നുള്ള മരണങ്ങൾക്ക് കൊവിഡ് വാക്സിനേഷനുമായി ബന്ധമില്ലെന്ന് ആരോഗ്യവിദഗ്ധർ. ഹസൻ ജില്ലയിലെ ഹൃദയസംബന്ധമായ മരണങ്ങളെ കോവിഡ് -19 വാക്സിനുകളുമായി ബന്ധിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.ഇവ രണ്ടും തമ്മിൽ ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) എന്നിവയുടെ പഠനങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണകാരണങ്ങളുടെ രീതിയിൽ കാര്യമായ മാറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയം പറഞ്ഞു. ജീവിതശൈലി ഘടകങ്ങൾ, ജനിതകശാസ്ത്രം, മുമ്പുണ്ടായിരുന്ന അവസ്ഥകൾ എന്നിവയാണ് ഇത്തരം മരണങ്ങൾക്ക് പ്രധാന കാരണമെന്ന് ഗവേഷണ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഐസിഎംആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (എൻഐഇ) 2023 മെയ് മുതൽ ഓഗസ്റ്റ് വരെ 'ഇന്ത്യയിൽ 18-45 വയസ്സ് പ്രായമുള്ള മുതിർന്നവരിൽ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങൾ' എന്ന തലക്കെട്ടിൽ ഒരു മൾട്ടിസെൻട്രിക് പഠനം നടത്തി. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ പെട്ടെന്ന് മരിച്ച ആരോഗ്യമുള്ള വ്യക്തികളെ വച്ചാണ് ഈ വിശകലനം നടത്തിയത്. റിപോർട്ട് അനുസരിച്ച്, കോവിഡ് വാക്സിനേഷൻ പെട്ടെന്നുള്ള മരണങ്ങളുടെ സാധ്യത വർധിപ്പിച്ചതായി തെളിവുകളൊന്നുമില്ലെന്ന് കണ്ടെത്തി.
റിപോർട്ട് ചെയ്യപ്പെട്ട പെട്ടെന്നുള്ള മരണങ്ങൾക്ക് കോവിഡ് വാക്സിനുകൾ ഒരു കാരണമല്ലെന്ന് ഐസിഎംആർ-എൻഐഇ ഡയറക്ടർ ഡോ. മനോജ് മുർഹേക്കർ പറയുന്നു. "രാജ്യത്തെ 50 ആശുപത്രികളിലായി ഞങ്ങൾ പഠനങ്ങൾ നടത്തി, ഏകദേശം 800 പെട്ടെന്നുള്ള മരണ കേസുകൾ അവലോകനം ചെയ്തു.കോവിഡ് -19 വാക്സിനേഷൻ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ഞങ്ങൾ കണ്ടെത്തി," അദ്ദേഹം പറഞ്ഞു.
ഹസൻ ജില്ലയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ 20 പേർ ഹൃദയാഘാതം മൂലം മരിച്ചതിൽ സിദ്ധരാമയ്യ ഉന്നയിച്ച ആശങ്കകൾ അംഗീകരിച്ച ഡോ. മുർഹേക്കർ, ഈ പ്രാദേശിക സംഭവങ്ങൾക്ക് പിന്നിലെ കാരണങ്ങൾ വിശദീകരിക്കുന്നതിന് സംസ്ഥാനത്തിന്റെ അന്വേഷണം നിർണായകമാകുമെന്നും പറഞ്ഞു.
'യുവാക്കളിലെ പെട്ടെന്നുള്ള വിശദീകരിക്കാനാകാത്ത മരണങ്ങളുടെ കാരണം സ്ഥാപിക്കൽ' എന്ന തലക്കെട്ടിലുള്ള എയിംസ് പഠനം നിലവിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും, കൃത്യമായ കാരണങ്ങൾ തിരിച്ചറിയുന്നതിനായി പോസ്റ്റ്‌മോർട്ടങ്ങൾ നടത്തുന്നുണ്ടെന്നും ഐസിഎംആർ-എൻഐഇ ഡയറക്ടർ ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള മരണത്തിന്റെ പ്രധാന കാരണം ഹൃദയാഘാതം തന്നെയായെന്നും കോവിഡിനു മുമ്പുള്ള ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ പാറ്റേണുകളിൽ വലിയ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ഈ പഠനങ്ങൾ തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

