കൊവിഡ്: ഉല്‍സവകാലത്ത് ആവശ്യമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്ത്

Update: 2021-08-28 12:16 GMT

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ കൊവിഡ് വ്യാപനം കുറഞ്ഞുവരുമ്പോഴും ചില സംസ്ഥാനങ്ങളില്‍ കൊവിഡ് വര്‍ധിക്കുകയോ കുറയാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഉല്‍സവ കാലത്ത് കൊവിഡ് നിയന്ത്രണ നടപടികള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭള്ള സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. വരുന്ന ഉല്‍സവ കാലം കണക്കിലെടുത്ത് മുന്‍കൂട്ടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നയന്ത്രണങ്ങള്‍ സപ്തംബര്‍ 30, 2021 വരെ നീട്ടിയിട്ടുണ്ട്. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

കൊവിഡ് വ്യാപനം മൊത്തത്തില്‍ കുറയുന്നതായാണ് വിവിധ കണക്കുകള്‍ പറയുന്നത്. എന്നാല്‍ കേരളം പോലുള്ള ചില സംസ്ഥാനങ്ങളിലും ചില സംസ്ഥാനങ്ങളിലെ ചില ജില്ലകളിലും കൊവിഡ് വ്യാപനം കുറയാതെ നില്‍ക്കുകയാണ്. ഇത് രാജ്യത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പലയിടത്തും പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നു. ഇത് നിയന്ത്രിക്കുന്നതിനായി സര്‍ക്കാരുകള്‍ സജീവമായ പങ്കുവഹിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഇപ്പോള്‍ നിലവിലുള്ള പ്രോട്ടോകോള്‍ ജൂണ്‍ 29നാണ് നിലവില്‍ വന്നത്. അതാണ് സപ്തംബര്‍ 30 വരെ നീട്ടിയത്.

പരിശോധിക്കുകയും രോഗികളെ കണ്ടെത്തലും ചികില്‍സയും വാക്‌സിനേഷനും തുടങ്ങി അഞ്ച് തന്ത്രണങ്ങളാണ് കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.