ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന് കൊവിഡ്: നിരവധി രാഷ്ട്ര നേതാക്കള്‍ സമ്പര്‍ക്കപ്പെട്ടികയില്‍
പാരീസ്: കൊവിഡ് സ്ഥിരീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നിരവധി രാഷ്ട്രനേതാക്കളും നയന്ത്രപ്രതിനിധികളും ഉന്നതോദ്യോഗസ്ഥരും. ഇന്ന് രാവിലെയാണ് മാക്രോണിന് ആര്‍ടി പിസിആര്‍ പരിശോധന വഴി കൊവിഡ് സ്ഥിരീകരിച്ചത്.
ഫ്രാന്‍സിന്റെ പ്രധാനമന്ത്രി ജീന്‍ കാസ്‌റ്റെക്‌സ്, പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ, സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ്, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കള്‍, ജര്‍മന്‍ ചാന്‍സ് ലര്‍ ആഞ്ചല മെര്‍ക്കല്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ, ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ, ബെല്‍ജിയന്‍ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡി ക്രൂ, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ തുടങ്ങിയവരാണ് സമ്പര്‍ക്കപ്പെട്ടികയിലെ പ്രമുഖരില്‍ ചിലര്‍.
പലരും ഇതിനകം ക്വാറന്റീനില്‍ പ്രവേശിച്ചുകഴിഞ്ഞു. കഴിഞ്ഞ പത്ത് ദിവസത്തിനുളളിലാണ് മാക്രോണ്‍ ലോകനേതാക്കളുമായി ചില യോഗങ്ങളില്‍ പങ്കെടുത്തത്. ഡിസംബര്‍ 11,12 തീയതികളില്‍ ബ്രസ്സല്‍സില്‍ ഒരു യൂറോപ്യന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. അതിലും നിരവധി ലോകനേതാക്കള്‍ പങ്കെടുത്തു.
മാക്രോണ്‍ ബുധനാഴ്ച പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയെ എലിസി കൊട്ടാരത്തില്‍ വച്ച് കണ്ടിരുന്നു. പ്രധാനമന്ത്രി ജീന്‍ കാസ്‌റ്റെക്‌സ് ഉള്‍പ്പെടെ മിക്ക ഫ്രഞ്ച് മന്ത്രിമാരും പങ്കെടുത്ത മന്ത്രിസഭാ യോഗത്തില്‍ മാക്രോണ്‍ അധ്യക്ഷത വഹിച്ചു. പാരീസില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റ് (ഒഇസിഡി) കണ്‍വെന്‍ഷന്‍ ഒപ്പുവെച്ചതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്നതിനായി ഡിസംബര്‍ 14 ന് നടന്ന പരിപാടിയില്‍ സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പങ്കെടുത്തു.
