ഭാരത് ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ്

Update: 2021-05-13 15:42 GMT

ബെംഗളൂരു: കൊവാക്‌സിന്‍ വികസിപ്പിച്ച ഭാരത് ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സുചിത്ര എല്ല തന്നെയാണ് ഈ വിവരം ട്വിറ്റര്‍ വഴി പങ്കുവച്ചത്. കൊവാക്‌സിന്‍ വികസിപ്പിക്കുക മാത്രമല്ല, ഉല്‍പാദിപ്പിക്കുകയും ചെയ്യുന്ന കമ്പനി എന്തുകൊണ്ടാണ് സ്വന്തം ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാതിരുന്നതെന്ന് സാമൂഹ്യമാധ്യമങ്ങള്‍ പ്രതികരിച്ചു. കൊവിഡ് ബാധിച്ച് പലരും അവധിയിലായതിനാലാണ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയാതിരുന്നതെന്ന് എല്ല ട്വീറ്റ് ചെയ്തു. എങ്കിലും തങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി മൂന്ന് ഷിഫ്റ്റുകളിലും ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഒരേ സമയം നിരവധി പേരാണ് ട്വീറ്റിനോട് പ്രതികരണവുമായി രംഗത്തുവന്നത്. വാക്‌സിന്‍ എടുത്തശേഷം കൊവിഡ് ബാധിച്ച തങ്ങളുടെ കുടുംബാംഗങ്ങള്‍ പെട്ടെന്ന് രക്ഷപ്പെട്ടെന്നും കമ്പനിയോട് നന്ദി പറയുന്നെന്നും ചിലര്‍ കമന്റ് ചെയ്തു. 

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് ആന്ധ്രപ്രദേശ്, ഹരിയാന, ഒഡീഷ, അസം, ജമ്മു കശ്മീര്‍, തമിഴ്നാട്, ബീഹാര്‍, ഡല്‍ഹി അടകകം 18 സംസ്ഥാനങ്ങളിലേക്കാണ് വാക്‌സിന്‍നല്‍കുന്നത്.