കൊവിഡ് മൂന്നാം തരംഗം: 10 വയസ്സിനു താഴെയുളള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന പദ്ധതിയുമായി ഉത്തര്‍പ്രദേശ്

Update: 2021-05-23 02:07 GMT

ലഖ്‌നോ: കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കാനിടയുണ്ടെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് 10 വയസ്സിനു താഴെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് യുപി ആരോഗ്യവകുപ്പ് കൊവിഡ് വാക്‌സിന്‍ നല്‍കും. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ജന്മഗ്രാത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കോടതി ജോലിക്കാര്‍, ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ വഴി വാക്‌സിന്‍ നല്‍കും. നിലവില്‍ ലഖ്‌നോവിലും നോയിഡയിലും മാത്രമാണ് ഇത്തരം ക്യാമ്പുകളുള്ളത്. അത് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.

പത്ത് വയസ്സിനു താഴെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് കുടുംബത്തിന് സുരക്ഷാകവചമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൊവിഡ് വ്യാപനം നടന്ന ജില്ലകളിലെ 18-44 വയസ്സുകാര്‍ക്കുളള വാക്‌സിനേഷന്‍ പുരോഗമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.