കൊവിഡ്: സംസ്ഥാനത്ത് ഓക്‌സിജന്‍ മാനേജ്‌മെന്റിനു മാത്രമായി വാര്‍ റൂം സജ്ജീകരിച്ചു

Update: 2021-05-07 10:58 GMT

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം അതിശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗചികിത്സയ്ക്കാവശ്യമായ ഓക്‌സിജന്റെ ക്ഷാമം പരിഹരിക്കാന്‍ സംസ്ഥാനത്ത് വാര്‍ റൂം സജ്ജീകരിച്ചു. ജില്ലാ അടിസ്ഥാനത്തിലാണ് വാര്‍ റൂം പ്രവര്‍ത്തിക്കുക.

എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഓക്‌സിജന്‍ വാര്‍ റൂമുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഓരോ ആശുപത്രിയിലേയും കൊവിഡ് രോഗികളുടെ എണ്ണവും, ഓക്‌സിജന്‍ ലഭ്യതയും ഈ വാര്‍ റൂമുകളില്‍ നിരന്തരമായി മോണിറ്റര്‍ ചെയ്യപ്പെടുന്നു. കൊവിഡ് രോഗികളുടെ എണ്ണത്തിന് അനുസൃതമായ ഓക്‌സിജന്‍ ലഭ്യത ഉണ്ടോ എന്ന് ഇതുവഴി ഉറപ്പു വരുത്താന്‍ ശ്രമിക്കും. 



 


അതിനു പുറമേ ഓക്‌സിജന്‍ ഉത്പാദനം, ശേഖരണം, വിതരണം എന്നിവയും ഈ വാര്‍ റൂമുകള്‍ വഴി നിയന്ത്രിക്കപ്പെടുന്നു. ഓരോ ആശുപത്രിയിലേയും ആവശ്യമനുസരിച്ച് ഓക്‌സിജന്‍ വിതരണം ചെയ്യുക എന്ന പ്രധാന ഉത്തരവാദിത്വം വാര്‍ റൂമുകളില്‍ ആണ് നിക്ഷിപ്തമായിരിക്കുന്നത്. പോലിസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എന്നീ വകുപ്പുകളില്‍ നിന്നുള്ള നോമിനികള്‍ ഈ വാര്‍ റൂമുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

ഏതെങ്കിലും ആശുപത്രികളില്‍ ഓക്‌സിജന്‍ ആവശ്യമുണ്ടെങ്കില്‍ വാര്‍ റൂമുകളുടെ കോള്‍ സെന്റര്‍ നമ്പറുകളില്‍ ബന്ധപ്പെടുകയാണ് വേണ്ടത്. രണ്ടാമത്തെ കൊവിഡ് തരംഗം മുന്‍കൂട്ടി കണ്ടുകൊണ്ട് കേരളം ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്താനുള്ള മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്നും രോഗവ്യാപനം കൂടുന്ന സാഹചര്യമായതിനാല്‍ ഓക്‌സിജന്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സഹായം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.