കൊവിഡ്: മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ വിവരങ്ങള്‍ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണമെന്ന് നിര്‍ദേശം

Update: 2021-05-29 06:28 GMT

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച് അനാഥരായി മാറിയ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്ന് നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് റൈറ്റ്‌സ്(എന്‍സിപിസിആര്‍). അനാഥര്‍ക്കു പുറമെ മാതാപിതാക്കളില്‍ ഒരാള്‍ മരിച്ചവരുടെ വിവരങ്ങളും പങ്കുവയ്ക്കണം.

സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കുള്ള കത്തിലാണ് ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ കുട്ടികളുടെ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചത്.

ഇത്തരത്തില്‍ അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ സഹായിക്കുന്നതിനും സംരക്ഷണം നല്‍കാനുമായാണ് ബാല്‍ സ്വരാജ് പോര്‍ട്ടല്‍ ആരംഭിച്ചത്.

കൊവിഡ് മൂലം മാതാപിതാക്കള്‍ മരിക്കുകയോ അവരിലൊരാള്‍ മരിച്ച് കുടുംബത്തിന്റെ സഹായം ഇല്ലാതാവുകയോ ചെയ്ത കുട്ടികള്‍ക്ക് ശിശുക്ഷേമ നിയത്തിന്റെ അനുച്ഛേദം 2 -14 അനുസരിച്ച് സംരക്ഷണം ലഭിക്കാന്‍ അര്‍ഹരാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഇത്തരം കുട്ടികളെ 2015, ശിശുക്ഷേമ നിമയത്തിന്റെ സെക്ഷന്‍ 31 അനുസരിച്ച് ശിശുക്ഷേമ സമതിയ്ക്കു മുന്നാകെ ഹാജരാക്കണം.

കമ്മിറ്റി സെക്ഷന്‍ 31 അനുസരിച്ച് അവര്‍ക്കാവശ്യമായ സംരക്ഷണം നല്‍കണം.

ഇത്തരത്തിലുള്ള കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടി ഓരോ ജില്ലയിലും പത്ത് ലക്ഷം രൂപ വരെ ചൈല്‍ഡ് കെയര്‍ ഫണ്ടിലേക്ക് നല്‍കിയിട്ടുണ്ട്.

ഇത്തരം കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ മെയ് 21ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ബന്ധപ്പെട്ട അധികാരികളോട് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിരുന്നു.

ഡല്‍ഹി, ആന്ധ്ര, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, പഞ്ചാബ് തുടങ്ങി ഏഴ് സംസ്ഥാനങ്ങള്‍ കുട്ടികള്‍ക്കാവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രതിമാസ സ്‌റ്റൈപ്പന്റും ഏര്‍പ്പെടുത്തി.

കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച് 577 കുട്ടികളാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ രാജ്യത്ത് അനാഥരായത്.

Tags: