കൊവിഡ്: ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി

Update: 2021-04-25 09:04 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മെയ് മൂന്ന് രാവിലെ 5 മണിവരെ നീട്ടി. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഏറെ വര്‍ധിച്ച സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനമെടുത്തത്.

ലോക്ക് ഡൗണ്‍ തിങ്കളാഴ്ച രാവിലെ അവസാനിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചന സര്‍ക്കാര്‍ നല്‍കിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പോസിറ്റിവിറ്റി നിരക്ക് 36-37 ശതമാനമായിരുന്നു. ഇത്രയും കൂടിയ പോസിറ്റിവിറ്റി നിരക്ക് കാണുന്നത് ഇതാദ്യമാണ്. ഞായറാഴ്ച പോസിറ്റിവിറ്റി നിരക്ക് 29 ശതമാനമായിട്ടുണ്ട്. അതിനര്‍ത്ഥം കൊവിഡ് കുറയുന്നുവെന്നല്ല എന്നും ലോക്ക് ഡൗണ്‍ നീട്ടിയ കാര്യം മാധ്യമങ്ങളെ അറിയിക്കുന്നതിനിടയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയിട്ടില്ല. അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനാവശ്യമായ കടകള്‍ തുറന്നുപ്രവര്‍ത്തിക്കും. ഐഡി കാര്‍ഡ് ഉപയോഗിച്ച് അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം.

Tags: