കേരളത്തില്‍ കൊവിഡ് പരിശോധന കിറ്റുകള്‍ നിര്‍മിച്ചു തുടങ്ങി: സുപ്രധാന നേട്ടവുമായി ടിസിഎം

ഇപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കിറ്റുകളെയാണ് കേരളം കൊവിഡ് പരിശോധനയ്ക്കായി ആശ്രയിക്കുന്നത്. ഇവ എത്തിക്കുമ്പോള്‍ പലപ്പോഴും ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്.

Update: 2020-10-21 15:27 GMT

കൊച്ചി: കൊച്ചി ആസ്ഥാനമായ ടിസിഎം കോവിഡ് പരിശോധനയ്ക്കാവശ്യമായ ആര്‍ടി-ക്യുപിസിആര്‍ കിറ്റുകളുടെ ഉല്‍പ്പാദനം ആരംഭിച്ചു. ഡല്‍ഹി ഐഐടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഉല്‍പ്പാദിപ്പിക്കുന്ന ഈ കിറ്റുകള്‍ കോവി-ഡിറ്റെക്റ്റ് ബ്രാന്‍ഡില്‍ ആണ് വിപണിയിലെത്തിക്കുന്നത്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആദ്യത്തെ കോവിഡ് 19 റിയല്‍ ടൈം പിസിആര്‍ അധിഷ്ഠിത കിറ്റാണ് ഇതെന്ന് ടിസിഎം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോസഫ് വര്‍ഗീസ് പറഞ്ഞു. നൊബേല്‍ സമ്മാന ജേതാവായ ഭൗതിക ശാസ്ത്രജ്ഞന്‍ സി വി രാമന്‍ 1943ല്‍ തുടക്കമിടുകയും അടുത്ത കാലം വരെ കെമിക്കല്‍സ് നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുകയുമായിരുന്ന ടിഎംസിയുടെ കളമശ്ശേരി കിന്‍ഫ്ര ബയോടെക്‌നോളജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സോണിലെ യൂണിറ്റ് പ്രതിദിനം 10, 000 ടെസ്റ്റുകള്‍ക്കുള്ള കിറ്റുകള്‍ നിര്‍മിച്ചു തുടങ്ങി. ഒരാഴ്ചക്കകം ഇത് ദിവസം തോറും 50, 000 ടെസ്റ്റുകള്‍ നടത്തുന്നതിനാവശ്യമായ 500 കിറ്റുകള്‍ എന്ന നിലയിലേയ്ക്ക് ഉയരും.

ഇപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കിറ്റുകളെയാണ് കേരളം കൊവിഡ് പരിശോധനയ്ക്കായി ആശ്രയിക്കുന്നത്. ഇവ  എത്തിക്കുമ്പോള്‍ പലപ്പോഴും ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്. കൊച്ചിയില്‍ ഉല്‍പ്പാദനം തുടങ്ങിയതോടെ സംസ്ഥാനത്തെവിടെയും 4-5 മണിക്കൂറിനുള്ളില്‍ എത്തിക്കാം. കോവിഡ് ആര്‍ടി പിസിആര്‍ കിറ്റുകള്‍ 20 ഡിഗ്രിയില്‍ താഴെ സൂക്ഷിക്കേണ്ടതുണ്ട്. ഇതിലെ മാറ്റങ്ങള്‍ ഗുണനിലവാരത്തെ ബാധിക്കും. സംസ്ഥാനത്ത് തന്നെ ഉല്‍പ്പാദനം തുടങ്ങിയതോടെ ഈ കാര്യങ്ങള്‍ പരിഹരിക്കപ്പെടും. ലാബുകള്‍ക്ക് വന്‍തോതില്‍ കിറ്റുകള്‍ വാങ്ങി സൂക്ഷിക്കേണ്ടി വരില്ല. വിലയിലും മെച്ചമുണ്ടാകും, ജോസഫ് വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സംസ്ഥാനത്ത് പ്രതിദിനം ശരാശരി 50, 000 ടെസ്റ്റുകളാണ് നടക്കുന്നത്. ദേശീയ ശരാശരി 10 ലക്ഷമാണ്. വിലയില്‍ കുറവു വരുന്നതോടെ ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കഴിയും

Tags: