തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഭേദമായവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തല്‍. വയനാട്ടില്‍ കൊവിഡ് മുക്തരായവരില്‍ അമിത ക്ഷീണവും കിതപ്പും കണ്ടെത്തി. പ്രാഥമിക പരിശോധനയ്ക്ക് വിധേയരായവരില്‍ 7 പേര്‍ക്ക് ഗുരുതര ശ്വാസകോശ പരിക്കുകള്‍ കണ്ടെത്തി. 5 പേരില്‍ കാഴ്ച്ച പ്രശ്‌നങ്ങള്‍ വര്‍ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിശദമായ പഠനത്തിനൊപ്പം, കൊവിഡ് മുക്തരുടെ മരണം പ്രത്യേകം കണക്കെടുക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.
140ലേറെപ്പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. കൊവിഡ് ഭേദമായിട്ടും 14 ശതമാനം പേര്‍ക്കും ശ്വാസംമുട്ടല്‍ ഉണ്ടെന്നും രോഗം ഭേദമായ നൂറില്‍ ഏഴു പേര്‍ക്ക് വീതം എന്ന കണക്കില്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ടെത്തി. പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിക്കാമെന്ന് നേരത്തേ മുന്നറിയിപ്പുള്ള കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതാണ് വിവരങ്ങള്‍.