കൊവിഡ്കാല പഠന റിപോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ചു

Update: 2021-05-26 06:49 GMT

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അക്കാദമികവും മനോ-സാമൂഹികവുമായ അവസ്ഥയെ സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ റിപോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ചു. എസ്.സി.ഇ.ആര്‍.ടിയും തിരുവനന്തപുരം ഗവ. വനിതാ കോളേജിലെ സൈക്കോളജിക്കല്‍ റിസോഴ്സ് സെന്ററും ചേര്‍ന്നാണ് പഠനം നടത്തിയത്.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് ആണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കെ. അന്‍വര്‍ സാദത്തും ചടങ്ങില്‍ പങ്കെടുത്തു.

പഠനറിപോര്‍ട്ടിന്റെ കൂടെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണത്തെ പഠനസംവിധാനങ്ങള്‍ ഏതുവിധത്തിലായിരിക്കുമെന്ന് തീരുമാനിക്കുക.

ഇതിനിടയില്‍ സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ അധ്യയന വര്‍ഷം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ വഴിയാവും ക്ലാസുകള്‍.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിലുണ്ടാവും. പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പിന്റെ കാര്യത്തില്‍ തീരുമാനമായില്ല. പ്ലസ്ടു ക്ലാസുകള്‍ തുടങ്ങുന്നതില്‍ ഇന്നോ നാളെയോ തീരുമാനം വരും.