കൊവിഡ്: ഇടുക്കിയില്‍ സംസ്ഥാന-ജില്ലാ അതിര്‍ത്തികളില്‍ നിയന്ത്രണം ശക്തമാക്കി; ലോക് ഡൗണ്‍ അവസാനിക്കുന്നതു വരെ തുടരും
ഇടുക്കി: കൊവിഡ് വ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഏര്‍പ്പെടുത്തിയിട്ടുള്ള ലോക് ഡൗണിനോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ ജില്ലാ, സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണങ്ങളും പരിശോധനകളും ശക്തമാക്കി. ജില്ലയിലെ പോലിസ് സ്റ്റേഷനുകളില്‍ അത്യാവശ്യ ഡ്യൂട്ടിക്ക് ശേഷമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള കര്‍ശന പരിശോധനകള്‍ക്കായി നിയോഗിച്ചിരിക്കുകയാണ്.
ജില്ലാ പോലിസ് മേധാവി ആര്‍. കറുപ്പസാമി, അഡീഷണല്‍ എസ്.പി. എസ് സുരേഷ് കുമാര്‍ എന്നിവരുടെ നേതൃതത്തില്‍ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരും, എല്ലാ എസ്.എച്ച്.ഒ മാരും ഉള്‍പ്പെടെ 1,216 പോലിസ് ഉദ്യോഗസ്ഥരും 176 വോളണ്ടിയര്‍മാരും ലോക് ഡൗണ്‍ പരിശോധനയ്ക്ക് രംഗത്തുണ്ട്. ഇടുക്കി ജില്ലയില്‍ ലോക്ക് ഡൗണ്‍ കര്‍ശനമാക്കുന്നതിനായി 96 മൊബൈല്‍ പട്രോള്‍, 90 ബൈക്ക് പട്രോള്‍ എന്നിവ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വിന്യസിച്ചു പരിശോധനകള്‍ നടത്തുന്നുണ്ട്.
ഇടുക്കി ജില്ലയിലെ നാല് അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും കാനന പാതകളിലും പോലിസും മറ്റ് ഇതര വകുപ്പുകളും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി. ലോക്ക് ഡൗണ്‍ അവസാനിയ്ക്കുന്നതു വരെ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും തുടരുന്നതാണെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.
പരിശോധനകളുടെ ഭാഗമായി വിവിധ തരത്തിലുള്ള കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച്ച വൈകിട്ട് 5 മണിവരെ 87 ആളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 719 പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, 3859 ആളുകളെ താക്കീത് ചെയ്തു വിട്ടയച്ചിട്ടുമുണ്ട് .
