'എല്ലാവരും മാസ്‌ക് ധരിക്കണം, കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം'; എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി ലോക്‌സഭാ സ്പീക്കര്‍

Update: 2022-12-22 08:56 GMT

ന്യൂഡല്‍ഹി: കൊവിഡ് വീണ്ടും ശക്തമാവുന്നതിനാല്‍ ലോക്‌സഭയില്‍ മാസ്‌ക് ധരിക്കാന്‍ അംഗങ്ങള്‍ക്ക് സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശം നല്‍കി. എല്ലാവരും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു. മാസ്‌ക് ധരിച്ചാണ് സ്പീക്കര്‍ ഇന്ന് സഭയിലെത്തിയത്. പുതിയ സാഹചര്യത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. അംഗങ്ങള്‍ക്ക് സഭാകവാടത്തില്‍ മാസ്‌കുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാവരും അത് ധരിക്കണം. പല രാജ്യങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്.

കൊവിഡ് ബോധവല്‍ക്കരണ പരിപാടികളില്‍ അംഗങ്ങള്‍ സജീവമാവാനും സ്പീക്കര്‍ അഭ്യര്‍ഥിച്ചു. കൊവിഡ് ഭീതിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ദ്രുതഗതിയിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും കൊവിഡുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകള്‍ പാലിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് മന്ത്രിമാരും ഭരണപക്ഷ എംപിമാരും മാസ്‌ക് ധരിച്ചാണ് സഭയിലെത്തിയത്. രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കറും മാസ്‌ക് ധരിച്ചാണെത്തിയത്. രാജ്യസഭയില്‍ അധ്യക്ഷന്‍ ജഗദീപ് ധന്‍കറും സമാനമായ നിര്‍ദേശം നല്‍കി.

Tags:    

Similar News