കൊവിഡ്: ഇന്ത്യയില്‍ പ്രതിവര്‍ഷം 850 ദശലക്ഷം ഡോസ് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കുമെന്ന് റഷ്യന്‍ അംബാസിഡര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിവര്‍ഷം 850 ദശലക്ഷം ഡോസ് സ്പുട്‌നിക് 5 കൊവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയതായി റഷ്യന്‍ അംബാസിഡര്‍ നികൊലായ് കുദഷേവ് അറിയിച്ചു. വാക്‌സിന്‍ പ്രാദേശികമായി നിര്‍മിച്ച് വിതരണം ചെയ്യാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയില്‍നിന്നുള്ള ആദ്യ ബാച്ച് സ്പുട്‌നിക് വാക്‌സിന്‍ ഇന്നാണ് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയത്. കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തിന് ഇന്ത്യയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് അംബാസിഡര്‍ വ്യക്തമാക്കി. സ്പുട്‌നിക് വാക്‌സിന്‍ ലോകത്തെ ഏറ്റവും ഫലപ്രദമായ കൊവിഡ് വാക്‌സിനാണെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യം ചെറിയ തോതില്‍ ആരംഭിച്ച്് പിന്നീട് പ്രതിവര്‍ഷ ഉദ്പാദനം 850 ദശലക്ഷമായി വര്‍ധിപ്പിക്കാനാണ് പദ്ധതി.
കഴിഞ്ഞ മാസമാണ് സ്പുട്‌നിക്കിന് ഇന്ത്യന്‍ മരുന്നു പരിശോധനാ ഏജന്‍സി അനുമതി നല്‍കിയത്.
ഇന്നെത്തിയ ആദ്യ ബാച്ചില്‍ 150,000 ഡോസ് വാക്സിനാണ് ഉള്ളത്. 3 ദശലക്ഷം വാക്സിന്‍ ഡോസ് അടങ്ങുന്ന അടുത്ത ബാച്ച് ഈ മാസം അവസാനം രാജ്യത്തെത്തും.
മോസ്‌കോയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് വാക്സിന്‍ കൊണ്ടുവന്നത്. ഡോ. റെഡ്ഡി ലബോറട്ടറിയാണ് സ്പുട്നിക് 5ന്റെ ഇന്ത്യയിലെ വിതരണക്കാര്‍.
ഇന്ത്യയില്‍ വിതരണം നടത്തുന്നതിനുമുമ്പ് വാക്സിന്‍ കസൂലിലെ സെന്‍ട്രല്‍ ഡ്രഗ് ലബോറട്ടറിയില്‍ പരിശോധനക്ക് വിധേയമാക്കേണ്ടിവരും.
സ്പുട്നിക് 5 റഷ്യയിലെ ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് വികസിപ്പിച്ചത്. ലോകത്ത് ആദ്യം നിര്‍മിച്ച കൊവിഡ് വാക്സിനുമാണ് ഇത്. നിലവില്‍ ലോകത്ത് 60 രാജ്യങ്ങള്‍ സ്പുട്നിക്കിന് അനുമതി നല്‍കിയിട്ടുണ്ട്.
റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ്(ആര്‍ഡിഐഎഫ്) വാക്സിന്‍ നിര്‍മാണത്തിന് പണം മുടക്കിയത്.
