ബംഗളൂരു: ബംഗളൂരു നഗരത്തില്‍ പുതുവല്‍സരാഘോഷങ്ങള്‍ക്ക് ബംഗളൂരു മുനിസിപ്പല്‍ കമ്മീഷണര്‍ നിയന്ത്രണമേര്‍പ്പെടുത്തി. വലിയ കൂട്ടായ്മകള്‍, ബാറുകളിലും ഹോട്ടലുകളിലുമുളള ആഘോഷപരിപാടികള്‍, തെരുവുകളിലെ മറ്റ് ആഘോഷങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയതായി ബിബിഎംപി കമ്മീഷണര്‍ മഞ്ചുനാഥ് പ്രസാദ് പറഞ്ഞു.
എംജി റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, ബ്രിഗഡെ റോഡ്, കോരമന്‍ഗല തുടങ്ങിയ തെരുവുകളിലും പുതുവല്‍സരരാവില്‍ പബ്ബുകളിലും റസ്റ്റോറന്റുകളിലുമുള്ള ആഘോഷപരിപാടികളും നിരോധിച്ചു- പ്രസാദ് പറഞ്ഞു.
പലയിടങ്ങളിലും ജനങ്ങള്‍ പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി ഒത്തുചേരുന്നു. ഇത് ഒഴിവാക്കണം. ഇത്തരം പ്രദേശങ്ങളിലുള്ള ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരു മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നുണ്ട്- ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു.
ക്രിസ്മസ്, പുതുവല്‍സര പരിപാടികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാരും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെയുള്ള തിയ്യതികളില്‍ ക്ലബ്ബുകള്‍ പബ്ബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.